ഒതുക്കാനുള്ള പരിപാടിയാണല്ലേ എന്ന് നസ്‌ലിൻ; സംവിധാനം ചെയ്തുകൂടെ എന്ന് സന്ദീപ്; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി അതിരടി ടീം

  1. Home
  2. Entertainment

ഒതുക്കാനുള്ള പരിപാടിയാണല്ലേ എന്ന് നസ്‌ലിൻ; സംവിധാനം ചെയ്തുകൂടെ എന്ന് സന്ദീപ്; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി അതിരടി ടീം


ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന 'അതിരടി' എന്ന ചിത്രത്തിലെ ബേസിലിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'സാം കുട്ടി' അഥവാ 'സാം ബോയ്' എന്ന കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ എത്തുന്നത്. ചിത്രം പുറത്തുവിട്ടതിന് പിന്നാലെ യുവതാരങ്ങൾ തമ്മിലുള്ള രസകരമായ കമന്റ് പോരാട്ടമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

"ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ, ചതിയായിപ്പോയി" എന്നായിരുന്നു നടൻ നസ്‌ലിന്റെ കമന്റ്. ഇതിന് മറുപടിയായി "നിന്റെയും സന്ദീപിന്റെയും അഹങ്കാരം കുറച്ചുകൂടുന്നുണ്ട്, ശരിയാക്കിത്തരാം" എന്ന് ബേസിൽ കുറിച്ചു. തമാശയിൽ പങ്കുചേർന്ന ടൊവിനോ, "നസ്‌ലിൻ നീയാണ് അവന്റെ മെയിൻ ലക്ഷ്യം" എന്ന് മുന്നറിയിപ്പ് നൽകിയപ്പോൾ, "നമ്മൾ ഒരു ടീമല്ലേ, അവസാനം ഞാൻ മാത്രമേ കാണൂ ഓർത്തോ" എന്നായിരുന്നു ബേസിൽ ടൊവിനോയ്ക്ക് നൽകിയ മറുപടി. ഇതിനിടെ "നിനക്ക് പടം ഡയറക്ട് ചെയ്യാൻ പൊയ്ക്കൂടെ" എന്ന ചോദ്യവുമായി സന്ദീപ് പ്രദീപ് കൂടി എത്തിയതോടെ കമന്റ് ബോക്സ് ചിരിപൂരമായി.

2026 ഓണക്കാലത്ത് റിലീസ് ലക്ഷ്യമിടുന്ന 'അതിരടി', മിന്നൽ മുരളിക്ക് ശേഷം ടൊവിനോ, ബേസിൽ, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡോ. അനന്തു എന്റർടൈൻമെന്റ്സും ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നസ്രിയ, ആന്റണി വർഗീസ്, പേർളി മാണി തുടങ്ങി നിരവധി പ്രമുഖരും ചിത്രത്തിന്റെ പോസ്റ്ററിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.