ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; ഇന്ത്യയിലെ എ.വി.ജി.സി മേഖലയിൽ വൻ നിക്ഷേപം
ഇന്ത്യയെ ആഗോള സിനിമാ നിർമ്മാണത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ സ്റ്റുഡിയോയായ 'ഐലൈൻ സ്റ്റുഡിയോസ്' (Eyeline Studios) ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ് (AVGC) മേഖലകളിൽ ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ വൻ നിക്ഷേപം.
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഐലൈൻ സ്റ്റുഡിയോസ് സി.ഇ.ഒ ജെഫ് ഷാപ്പിറോ, നടൻ റാണ ദഗ്ഗുബാട്ടി എന്നിവർ ചേർന്നാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. ഹൈദരാബാദിൽ 32,000 ചതുരശ്ര അടിയിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ലോസ് ഏഞ്ചൽസ്, വാൻകൂവർ, സിയോൾ, ലണ്ടൻ എന്നിവയ്ക്ക് ശേഷം ഐലൈൻ സ്റ്റുഡിയോസിന്റെ ലോകത്തെ അഞ്ചാമത്തെ കേന്ദ്രമാണിത്.
ഹൈബ്രിഡ് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിൽ ജനറേറ്റീവ് വെർച്വൽ ഇഫക്റ്റുകൾക്കും വിഷ്വൽ സ്റ്റോറിടെല്ലിങ്ങിനും ആവശ്യമായ ലോകോത്തര സാങ്കേതിക സൗകര്യങ്ങളുണ്ട്. ഈ സ്റ്റുഡിയോ വരുന്നതോടെ ആഗോള നിലവാരത്തിലുള്ള പ്രൊഡക്ഷൻ രീതികളും അത്യാധുനിക ഉപകരണങ്ങളും ഇന്ത്യയിലെ കലാകാരന്മാർക്ക് ലഭ്യമാകും. ക്രിയേറ്റീവ് ടെക്നോളജി രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് ഈ നിക്ഷേപം വലിയ ഊർജ്ജമാകുമെന്നാണ് വിലയിരുത്തൽ.
