നെറ്റ്ഫ്ലിക്സ് പിന്മാറി; വാർണർ ബ്രദേഴ്സ് ഇനി പാരമൗണ്ടിന് സ്വന്തം, നൂറ്റാണ്ടിന്റെ വമ്പൻ ഇടപാട്

  1. Home
  2. Entertainment

നെറ്റ്ഫ്ലിക്സ് പിന്മാറി; വാർണർ ബ്രദേഴ്സ് ഇനി പാരമൗണ്ടിന് സ്വന്തം, നൂറ്റാണ്ടിന്റെ വമ്പൻ ഇടപാട്

warner bros


നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഹോളിവുഡ് നിർമ്മാണ കമ്പനിയായ വാർണർ ബ്രദേഴ്‌സിനെ ഏറ്റെടുക്കാനുള്ള പോരാട്ടത്തിൽ നിന്നും ഒടുവിൽ നെറ്റ്ഫ്‌ളിക്‌സ് പിന്മാറി. ഇതോടെ അമേരിക്കൻ ചലച്ചിത്ര ഭീമൻമാരായ പാരമൗണ്ട് പിക്ചേഴ്സ് (പാരമൗണ്ട് സ്കൈഡാൻസ്) വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കുമെന്ന് ഉറപ്പായി. ലേലത്തിൽ പാരമൗണ്ട് മുന്നോട്ടുവെച്ച ഉയർന്ന തുകയാണ് ഇടപാട് അവർക്ക് അനുകൂലമാക്കിയത്.

ഓഹരി ഒന്നിന് 31 ഡോളർ എന്ന നിരക്കിൽ പൂർണ്ണമായും പണം നൽകിയുള്ള ഏറ്റെടുക്കലിനാണ് പാരമൗണ്ട് തയ്യാറായത്. എന്നാൽ 27.75 ഡോളർ മാത്രം വാഗ്ദാനം ചെയ്ത നെറ്റ്ഫ്‌ളിക്‌സ്, സാമ്പത്തിക ലാഭമില്ലെന്ന് കണ്ട് കൂടുതൽ തുക മുടക്കാൻ വിസമ്മതിക്കുകയായിരുന്നു. വാർണർ ബ്രദേഴ്‌സ് ഫിലിം സ്റ്റുഡിയോ, എച്ച്ബിഒ (HBO), സ്ട്രീമിങ് വിഭാഗങ്ങൾ എന്നിവയ്ക്ക് പുറമെ ലോകപ്രശസ്തമായ ഹാരി പോർട്ടർ, ഗെയിം ഓഫ് ത്രോൺസ്, ഡിസി കോമിക്‌സ് എന്നിവയും ഇനി പാരമൗണ്ടിന്റെ ഭാഗമാകും.

1923-ൽ വാർണർ സഹോദരന്മാർ തുടക്കം കുറിച്ച ഈ വിശ്വപ്രസിദ്ധ കമ്പനി പലതവണ ഉടമസ്ഥാവകാശം കൈമാറി വന്നിട്ടുണ്ടെങ്കിലും, പാരമൗണ്ടുമായുള്ള ഈ ലയനം ആഗോള ചലച്ചിത്ര വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. സിഎൻഎൻ (CNN) വാർത്താ ചാനലും ഈ ഇടപാടിന്റെ ഭാഗമാണെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്. വൈറ്റ് ഹൗസ് സന്ദർശനത്തിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരാൻഡോസ് പിന്മാറ്റം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.