ആ സിനിമ മുത്തശ്ശന്റെ ജീവിത കഥയായിരുന്നെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു: നിരഞ്ജന

  1. Home
  2. Entertainment

ആ സിനിമ മുത്തശ്ശന്റെ ജീവിത കഥയായിരുന്നെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു: നിരഞ്ജന

NIRANJANA


രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലോഹത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് നിരഞ്ജന അനൂപ്. പിന്നീട് പുത്തൻ പണം, ഗൂഢാലോചന, കെയർ ഓഫ് സൈറ ബാനു, ഇര, ബിടെക്, ചതുർമുഖം, കിങ് ഫിഷ് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രമാണ്. ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റ് ഷോയിൽ അതിഥി ആയി എത്തിയപ്പോൾ നിരഞ്ജന പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

രഞ്ജിത്ത് കഥയും തിരക്കഥയും ഒരുക്കി ഐ വി ശശി സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായ ദേവാസുരം. ചിത്രം തന്റെ ബന്ധുവായ മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് രഞ്ജിത്ത് സിനിമയാക്കിയത്. പൂർണമായിട്ട് അല്ലെങ്കിലും ഭാഗികമായി അതൊരു യഥാർത്ഥ കഥയാണ്. ആ മുല്ലശ്ശേരി രാജഗോപാലന്റെ കൊച്ചുമകളാണ് നിരഞ്ജന. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രണയത്തെ കുറിച്ചും അച്ഛന്റെയും അമ്മയുടെയും പ്രണയത്തെ കുറിച്ചുമാണ് റെഡ് കാർപെറ്റ് ഷോയിൽ നിരഞ്ജന സംസാരിച്ചത്.

'മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രണയ കഥ ഇത്രയും മനോഹരമായി ബിഗ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞു എന്നത് തന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് മുത്തശ്ശൻ മരിച്ചത്. അതുകൊണ്ട് വലുതായി ഒന്നും ഓർമയില്ല. കേട്ടറിവ് മാത്രമേയുള്ളു. വീട്ടിൽ ഇതേ കുറിച്ചൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. രഞ്ജിത് മാമ മുത്തച്ഛനോട് ചോദിച്ചു അറിഞ്ഞതാവും. അമ്മയോട് ചോദിച്ചാലും, മുത്തശ്ശന്റെ ആ ഫ്യൂഡൽ കാലഘട്ടം ഒന്നും അമ്മയും കണ്ടിട്ടില്ല. കുടുംബമൊക്കെ ആയ ശേഷം മുത്തശ്ശൻ ഒരുപാട് മാറിപ്പോയിരുന്നു. സിനിമയിൽ മുത്തച്ഛനെ ഡീസന്റ് ആയിട്ടാണ് കാണിച്ചത് എന്ന് മുത്തശ്ശൻ തന്നെ പറഞ്ഞിട്ടുണ്ട്. മുത്തശ്ശിയാണ് മുത്തശ്ശന്റെ ആ ഫ്യൂഡൽ കാലം കാണുകയും അനുഭവിക്കുകയും ഒക്കെ ചെയ്തത്. ഭാനുമതി എന്നല്ല, ലക്ഷ്മി എന്നാണ് മുത്തശ്ശിയുടെ പേര്. ഇനി നൃത്തം ചെയ്യില്ല എന്ന് മുത്തശ്ശി ശപഥം ചെയ്ത സംഭവം ഒന്നും ഉണ്ടായിട്ടില്ല, പക്ഷെ ഇത് പോലൊരു മനുഷ്യനെ ഒരു കാലവും വിവാഹം ചെയ്യില്ല എന്ന് മുത്തശ്ശി പറഞ്ഞിരുന്നു. വീട് നഷ്ടപ്പെട്ടപ്പോൾ മുത്തശ്ശന്റെ തറവാട്ടിൽ മുത്തശ്ശിയൊക്കെ വന്ന് നിന്നതും യഥാർത്ഥത്തിൽ നടന്നതാണ്.

ദേവാസുരം സിനിമ കണ്ടിട്ട് അമ്മയ്ക്ക് അറിയില്ലായിരുന്നു, ഇത് തന്റെ അച്ഛന്റെ ജീവിത കഥ തന്നെയാണെന്ന്. അമ്മ കോളേജിൽ പടിക്കുമ്പോഴാണ് സിനിമ റിലീസ് ആയത്. സിനിമ കണ്ട ശേഷം ഇതെന്തൊരു മോശം സിനിമയാണ്, മുഴുവൻ അടിയും ഇടിയും എന്നായിരുന്നുവത്രെ അമ്മ പറഞ്ഞത്. പിന്നീട് വനിതയിലോ മറ്റോ പ്രസിദ്ധീകരിച്ച് വന്ന ആർട്ടിക്കിൾ കണ്ടാണ് അമ്മ എല്ലാം അറിഞ്ഞത്.

അമ്മയുടെയും അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു. പക്ഷെ അത്ര വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രണയം പോലെ വലിയ വിപ്ലവകരമായ പരിപാടിയൊന്നും പിടിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ഒരു സിനിമയ്ക്കുള്ളതൊന്നും അതിലില്ല'. നടി പറയുന്നു.