മട്ടാഞ്ചേരി വെടിവെപ്പ് ഒരു പടപ്പാട്ടെഴുത്തിൽ ഒതുക്കിയിരുന്നില്ല ആന്റണി; 'പാർട്ടിക്കാർഡ്' നാടകത്തെ കുറിച്ച്

  1. Home
  2. Entertainment

മട്ടാഞ്ചേരി വെടിവെപ്പ് ഒരു പടപ്പാട്ടെഴുത്തിൽ ഒതുക്കിയിരുന്നില്ല ആന്റണി; 'പാർട്ടിക്കാർഡ്' നാടകത്തെ കുറിച്ച്

pj


'മട്ടാഞ്ചേരി മറക്കാമോ?' , മട്ടാഞ്ചേരിയിൽ 1953 സപ്തംബർ 15 ന് മൂന്നു തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കാട്ടാള നീതിക്കെതിരെ എഴുതിയ ആന്റണിയുടെ വരികൾ വീണ്ടും മുഴങ്ങുകയാണ്. രാജീവ് രവി സംവിധാനം ചെയ്ത ചലച്ചിത്രമായ തുറമുഖത്തിലൂടെ. മട്ടാഞ്ചേരി വെടിവെപ്പ് ഒരു പടപ്പാട്ടെഴുത്തിൽ ഒതുക്കിയിരുന്നില്ല, ആന്റണി. ഒരു നാടകത്തിലും ആന്റണി ആ ഉജ്ജ്വല സമരം ഉൾച്ചേർത്തു. അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ആ നാടകത്തെപ്പറ്റി ബൈജു ചന്ദ്രൻ എഴുതുന്നു.


കുറിപ്പ് പൂർണരൂപം

എഴുപതാം വാർഷികത്തിലേക്ക് കടക്കുന്ന മട്ടാഞ്ചേരി വെടിവെപ്പും 'മട്ടാഞ്ചേരി മറക്കാമോ?' എന്ന പ്രശസ്തമായ വിപ്ലവഗാനവും സഹൃദയ ശ്രദ്ധ നേടിയ ദിവസങ്ങളാണല്ലോ ഇത്. എന്നാൽ മട്ടാഞ്ചേരി വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ പി ജെ ആന്റണി എഴുതിയ നാടകത്തെ കുറിച്ച് കേ ട്ടിട്ടില്ലാത്തവരുണ്ടാകാം. പല സവിശേഷതകളുമുണ്ടായിരുന്ന 'പാർട്ടിക്കാർഡ്' ' എന്ന ആ നാടകത്തിന്റെ അവതരണത്തെ കുറിച്ചും അത് ആദ്യമായി അരങ്ങേറിയ വേദിയെക്കുറിച്ചും ഒരു കുറിപ്പ് ദേശാഭിമാനി ഓൺലൈനിൽ. ഇന്ന് പി ജെ ആന്റണിയുടെ നാൽപ്പത്തിനാലാമത് ചരമവാർഷികം.

*മട്ടാഞ്ചേരി വെടിവെപ്പ് ഒരു പടപ്പാട്ടെഴുത്തിൽ ഒതുക്കിയിരുന്നില്ല, ആന്റണി. ഒരു നാടകത്തിലും ആന്റണി ആ ഉജ്ജ്വല സമരം ഉൾച്ചേർത്തു. അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ആ നാടകത്തെപ്പറ്റി ബൈജു ചന്ദ്രൻ എഴുതുന്നു.

'ഇടിവണ്ടികളും, കൊലയാളികളും,
വെടിയുണ്ടകളും വന്നപ്പോൾ,
വെടിയുണ്ടകളെ പുല്ലായ് ക്കരുതും
ചുരുൾമുഷ്ടികളങ്ങുയരുകയായ്
അരിയോ രക്രമരാഹിത്യത്തിൻ
തോക്കുകളപ്പോൾ തീ തുപ്പി,
ഉരിയരി വാങ്ങാൻ കാശിനു നിൽക്കും
തൊഴിലാളികളുടെ നെഞ്ചുകളിൽ!'

കട്ടിയുള്ള പുരികങ്ങളുടെ താഴെ തീ പാറുന്ന പൂച്ചക്കണ്ണുകളും, അന്തരീക്ഷത്തിലേക്ക് ആഞ്ഞാഞ്ഞു വീശുന്ന ചുരുട്ടിയ മുഷ്ടിയു മായി പരുക്കൻ ശബ്ദത്തിൽ അലറിപ്പാടുന്ന ചെറുപ്പക്കാരൻ അന്ന് സമരമുഖങ്ങളുടെയും സമ്മേളന വേദികളുടെയും കേന്ദ്രബിന്ദുവായിരുന്നു. വീർപ്പടക്കി പ്പിടിച്ച് പാട്ടുകേട്ടു നിൽക്കുന്ന വലിയ ജനക്കൂട്ടം പാട്ടു തീരുമ്പോൾ ദിഗന്തങ്ങൾ പൊട്ടുമാറ് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കും.

'ഇൻക്വിലാബ് സിന്ദാബാദ്!'
'രക്തസാക്ഷികൾ സിന്ദാബാദ്!'

1953 സെപ്റ്റംബർ 15.
മട്ടാഞ്ചേരിയിലെ വാർഫിൽ അന്ന് നിലവിലിരുന്ന പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനെതിരെ സമരം ചെയ്ത തൊഴിലാളികളെ സേട്ടു പിരിച്ചുവിട്ടു. കമ്പനി പൂട്ടി. ജോർജ് ചടയൻ മുറിയും ടി എം അബു വുമൊക്കെ നയിച്ച തൊഴിലാളി പ്രസ്ഥാനം സമരരംഗത്തിറങ്ങിയതോടെ മട്ടാഞ്ചേരിയാകെ ഇളകി മറിഞ്ഞു. അവിടുത്തെ പുല്ലുപാലത്തിന് കിഴക്കുള്ള ഈര വേലിയിൽ തടിച്ചുകൂടിയ തൊഴിലാളി സഖാക്കളുടെ നേർക്ക് പോലീസ് വെടിവെച്ചു. സെയ്ദ്, സെയ്ദാലി എന്ന രണ്ടു തൊഴിലാളികൾ അവിടെ തന്നെ മരിച്ചുവീണു. അതുകൊണ്ടൊന്നും കലിയടങ്ങാത്ത പോലീസ് പാവപ്പെട്ട തൊഴിലാളികളുടെ കൊച്ചുകൂരകളിലോരോന്നിലും കയറിയിറങ്ങി കയ്യിൽ കിട്ടിയവരെയൊക്കെ പിടിച്ചുകൊണ്ടുപോയി അതിക്രൂരമായ മർദ്ദനത്തിന് ഇരകളാക്കി. അവർ അറസ്റ്റ് ചെയ്ത ഫോർട്ട് കൊച്ചിയിലെ ഓടത്തെ ആന്റണി എന്ന സഖാവിനെ ദിവസങ്ങൾക്കു ശേഷം ജീവച്ഛവമായിട്ടാണ് പുറത്തേക്ക് വിട്ടത്. അധികം വൈകാതെ ഓടത്തെ ആന്റണി രക്തസാക്ഷികളുടെ നിരയിലെ ആവേശം പകരുന്ന ചിത്രമായി!

ഫോർട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിലെ തൊഴിലാളിവർഗവുമായി ആത്മബന്ധം പുലർത്തിയിരുന്ന കമ്മ്യൂണിസ്റ്റ് കലാകാരനായിരുന്നു , 'പ്രതിഭാ ആർട്‌സ്‌ക്ലബ്ബ് 'എന്ന പുരോഗമന കലാ സമിതിയുടെ അമരക്കാരനായിരുന്ന പി ജെ ആന്റണി. കത്തോലിക്കാ തിരു സഭയെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെയും കടന്നാക്രമിച്ചുകൊണ്ട് ആന്റണിയെഴുതിയ 'ഇൻക്വിലാബിന്റെ മക്കൾ' അരങ്ങേറാൻ തയ്യാറെടുക്കുന്ന നാളുകൾ. അപ്പോഴാണ് നാടിന്റെ മനസാക്ഷിയെ നടുക്കിക്കൊണ്ട് 'മട്ടാഞ്ചേരി സംഭവം' നടക്കുന്നത്. ആന്റണിയുടെ അടക്കാനാകാത്ത ഹൃദയക്ഷോഭം പൊട്ടിത്തെറിച്ചത് ഒരു പടപ്പാട്ടിന്റെ രൂപത്തിലാണ്.

'കാട്ടാളന്മാർ നാടുഭരിച്ചീ
നാട്ടിൽ തീമഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് ക്കരുതിയ
മട്ടാഞ്ചേരി മറക്കാമോ?'

എറണാകുളം രാജേന്ദ്രമൈതാനിയിൽകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പൊതുസമ്മേളനത്തിലാണ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രതിഭയുടെ സംഘം ആദ്യമായി ഈ വിപ്ലവഗാനം അവതരിപ്പിക്കുന്നത്. സമ്മേളനത്തിലെ മുഖ്യ പ്രാസംഗികനായിരുന്ന എ കെ ജി ആ പാട്ട് ഒരിക്കൽ കൂടി പാടാനാവശ്യപ്പെട്ടു. അവിടെ തടിച്ചുകൂടിയിരുന്ന വലിയ ജനാവലിയെ ആവേശം കൊള്ളിച്ചുകൊണ്ട് ആന്റണിയും സംഘവും വീണ്ടുമത് പാടി.

'മായാതെങ്ങും തൊഴിലാളികളുടെ
കരളിൽ ത്തിങ്ങും കഥകളുമായ്
മട്ടാഞ്ചേരിയുയർന്നു മന്നിൽ
മോചനസമരപതാകയുമായ്!'

മട്ടാഞ്ചേരിയുടെ വീരഗാഥയിൽ നിന്ന് പ്രചോദനം കൊണ്ട ആന്റണി നാടാകെ ഏറ്റുപാടിയ ആ പടപ്പാട്ട് മാത്രമല്ല എഴുതിയത്. ഇഞ്ചിഞ്ചായി മരണത്തെ വരിച്ച ഓടത്തെ ആന്റണി എന്ന തൊഴിലാളി യുടെ ജീവിതകഥ 'പാർട്ടി ക്കാർഡ്'എന്നപേരിൽ ഒരു നാടകമായി എഴുതി. 'കടലിരമ്പുന്നു' എന്നൊരു പേരു കൂടി ആ നാടകത്തിനുണ്ടായിരുന്നു. പൈശാചികമായ പോലീസ് മർദ്ദനത്തിനിരയായ ഓടത്തെ ആന്റണിയുടെ അവസാന നാളു കളാണ് പി ജെ ആന്റണി അരങ്ങത്ത് കൊണ്ടുവന്നത്. മരണത്തോട് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ആ ധീരയോദ്ധാവിനെ പ്രാണനെപ്പോലെ സ്‌നേഹിക്കുകയും ശ്രു ശ്രൂഷിക്കുകയും ചെയ്യുന്ന അമ്മയും ജ്യേഷ്ഠ സഹോദരനും ,ഭഗ്‌ന പ്രണയത്തിന്റെ തേങ്ങലുകളുമായി ജീവിക്കുന്ന അയാളുടെ കാമുകി, താങ്ങും തണലുമായി ആന്റണിയ്‌ക്കൊപ്പം നിൽക്കുന്ന പാർട്ടി സഖാവ്, പ്രസ്ഥാനത്തെ തള്ളിപ്പറയാൻ പ്രേരിപ്പിക്കുന്ന വർഗ ശത്രുവായ നാട്ടുകാരൻ, ഉന്മാദത്തിനടിപ്പെട്ട മനസുമായി അലഞ്ഞു നടക്കുന്ന പഴയ പട്ടാളക്കാരൻ.... നാടകത്തിന്റെ വൈകാരിക സന്ദർഭങ്ങൾക്ക് തീഷ്ണത യണയ്ക്കുന്ന മറ്റുകഥാപാത്രങ്ങൾ ഇവരൊക്കെയാണ്. തിരയടങ്ങിയെങ്കിലും തിളച്ചുരുകുന്ന കടൽ കണക്കെ മട്ടാഞ്ചേരി നാടകത്തിന്റെ രംഗഭൂമിയാകുന്നു.

'പാർട്ടിക്കാർഡ്' എന്ന നാടകത്തിന്റെ ആദ്യാവതരണത്തിന് പല സവിശേഷതകളുമുണ്ടായിരുന്നു. നാടകം ആദ്യമായി അരങ്ങേറിയ വേദിയായ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുകൊച്ചി സംസ്ഥാന സമ്മേളനത്തിനുമുണ്ടായിരുന്നു ചില പ്രത്യേകതകൾ.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ തിരുകൊച്ചി സംസ്ഥാന സമ്മേളനമായിരുന്നു 1956 ഫെബ്രുവരി ആറു മുതൽ പന്ത്രണ്ട് വരെയുള്ള തീയതികളിൽ ആലുവാ മണപ്പുറത്തെ ഐക്യകേരള നഗറിൽ നടന്നത്.ആ വർഷം ഏപ്രിൽ മാസത്തിൽ പാലക്കാട് വെച്ചു ചേരാൻ നിശ്ചയിച്ചിരിക്കുന്ന പാർട്ടിയുടെ നാലാം കോൺഗ്രസിന് മുന്നോടിയായിട്ടാണ് ആലുവ സമ്മേളനം നടന്നത്.പാർട്ടി കോൺഗ്രസിന് ശേഷം ജൂൺ മാസത്തിൽ തൃശൂർ വെച്ച് ആദ്യത്തെ കേരള സംസ്ഥാന സമ്മേളനം നടത്താനായിരുന്നു തീരുമാനം.കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു വെച്ച ഐക്യകേരളം എന്ന ആശയം സാക്ഷാൽകരിക്കപ്പെടുന്നതിന് വിഘാതം സൃഷ്ടിക്കുന്ന ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.

സമ്മേളനദിവസങ്ങളിൽ എല്ലാ സായാഹ്നങ്ങളിലും ഐക്യകേരള നഗറിലെ വേദിയിൽ പ്രമുഖ പുരോഗമന കലാസമിതികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. കോട്ടയം കേരളാ തീയേറ്റേഴ്‌സ് അവതരിപ്പിച്ച പൊൻകുന്നം വർക്കിയുടെ 'അവരെ ആളുകൾ ഇഷ്ടപ്പെടുന്നു ', തോപ്പിൽ ഭാസിയുടെ ഒളിവുജീവിതത്തിൽ നിന്നുള്ള ഒരേട് പ്രമേയമാക്കിക്കൊണ്ടുള്ള 'ഷെൽട്ടർ '(കെ പി എ സി ), എസ് എൽ പുരം സദാനന്ദൻ രചിച്ച്, ചേർത്തല കല്പനാ തീയേറ്റേഴ്സ് അവതരിപ്പിച്ച 'ചെങ്കൊടി ഉയരുന്നു' എന്നീ നാടകങ്ങളും കെ പി എ സി യുടെ സമൂഹഗാനങ്ങളും കേരള കലാവേദിയുടെ ഗാനനൃത്തപരിപാടികളും ആസാദ് മ്യൂസിക് ക്ലബ്ബിന്റെ ലഘു ഗാനങ്ങളും മറ്റുമായിരുന്നു പ്രധാന കലാപരിപാടികൾ. വലിയൊരു ജനാവലിയാണ് ഓരോദിവസവും അവിടെ എത്തിച്ചേ ർന്നിരുന്നത്

അവസാന ദിവസമായ ഫെബ്രുവരി പന്ത്രണ്ടാം തീയതി റെഡ് വളണ്ടിയർ മാരുടെ മാർച്ചുപാസ്റ്റിനും കൂറ്റൻ ബഹുജനറാലിക്കും ശേഷമാരംഭിച്ച പൊതുസമ്മേളനത്തിൽ എം എൻ ഗോവിന്ദൻ നായർ അദ്ധ്യക്ഷനായിരുന്നു.പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം ഇ എം എസ് നമ്പൂതിരിപ്പാട്, ലോകസഭ യിലെ പ്രതിപക്ഷ നേതാവ് എ കെ ജി, മലബാർ കമ്മിറ്റി സെക്രട്ടറി കെ ദാമോദരൻ, തിരുകൊച്ചി സംസ്ഥാന സെക്രട്ടറി സി അച്യുതമേനോൻ,പി ടി പുന്നൂസ് എം പി എന്നിവർ പ്രസംഗിച്ചു. ആലുവാ മണപ്പുറത്തെ ഐക്യ കേരള നഗറിൽ തടിച്ചുകൂടിയ മൂന്നു ലക്ഷത്തോളം വരുന്ന വൻ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇ എം എസ് പറഞ്ഞു.

'മുൻപൊരിക്കൽ മൈസൂരിൽ നിന്നുണ്ടായ ഒരു സുൽത്താന്റെ ആക്രമണത്തെ ആലുവാ നദിയിലെ പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കം തടുത്തുനിറുത്തിയതായി കേട്ടിട്ടുണ്ട്.ഇന്നിതാ കേരളത്തെ മൈസൂരടക്കമുള്ള മറ്റുചില ഭാഗങ്ങളോടു കൂട്ടിച്ചേർത്തു കെട്ടുവാനുള്ള വഞ്ചനാത്മകമായ ഗൂഡാലോചനയെ എതിർത്തു തോൽപ്പിക്കാനും ആലുവാ മണപ്പുറത്തിന് ഭാഗ്യമുണ്ടായിരിക്കുന്നു. ഇന്ന് ജനപ്രവാഹമാണെന്നേ വ്യത്യാസമുള്ളൂ.'

മണപ്പുറം നിറഞ്ഞു കവിഞ്ഞ ആ ജനപ്രവാഹത്തിന് മുൻപിലാണ് മട്ടാഞ്ചേരി രക്തസാക്ഷികളുടെ ധീര സ്മരണ ഉണർത്തിക്കൊണ്ട് 'പാർട്ടി കാർഡ്' /'കടലിരമ്പുന്നു'എന്ന നാടകം അരങ്ങേറിയത്.ആ നാടകാവതരണത്തിന്റെ പ്രധാന സവിശേഷത മറ്റൊന്നായിരുന്നു. നാടകം അരങ്ങത്തവതരിപ്പിച്ചത് ഏതെങ്കിലും ഒരു നാടകസംഘമായിരുന്നില്ല. മറിച്ച് പുരോഗമന ചേരിയിൽ പെട്ട നാടകപ്രസ്ഥാനങ്ങളുടെ ഒരുകൂട്ടായ്മ ആയിരുന്നു.അതിനു മുൻപോ അതിനു ശേഷമോ ഒരിക്കലും അങ്ങനെ എല്ലാവരും ഒരുമിച്ചു ചേർന്നുകൊണ്ടുള്ള അത്തരമൊരു നാടകാവതരണം ഉണ്ടായിട്ടില്ല.കെ പി എ സി, കേരളാ തീയേറ്റേഴ്‌സ്, കെ പി ടി എ, പ്രതിഭാ ആർട്ട്‌സ് ക്ലബ്ബ്, പ്രതിഭാ തീയേറ്റേഴ്സ്, കല്പനാ തീയേ റ്റേ ഴ്‌സ്,കേരള കലാവേദി തുടങ്ങിയ സമിതികൾ നിന്നുമുള്ള അഭിനേതാക്കളാണ് വിവിധ കഥാപാത്രങ്ങളായി അരങ്ങത്ത് വന്നത്. കേന്ദ്രകഥാപാത്രമായ ഓടത്തെ ആന്റണിയായി കേരളാ തീയേറ്റേഴ്‌സിൽ നിന്നുള്ള എൻ ഗോവിന്ദൻ കുട്ടി അഭിനയിച്ചപ്പോൾ ആന്റണിയുടെ കാമുകിയുടെയും അയാളുടെ സുഹൃത്തിന്റെയും വേഷങ്ങളിൽ കെ പി എ സിയിൽ നിന്ന് സുലോചനയും ഓ മാധവനും അരങ്ങത്തെത്തി. കേരള കലാവേദിയിൽ നിന്ന് പ്രേംജി യായിരുന്നു ഓടത്തെ ആന്റണിയുടെ ജേഷ്ഠന്റെ വേഷത്തിൽ.അമ്മയായി പ്രതിഭാ ആർട്ട്‌സ് ക്ലബ്ബിൽ നിന്നുള്ള കൂത്താട്ടുകുളം ആനിയും സഹോദരിയായി കല്പന തീയേറ്റേഴ്‌സിൽ നിന്ന് ചേച്ചമ്മയും വേഷമിട്ടു. പ്രതിഭാ ആർട്ട്‌സ് ക്ലബ്ബിലെയും പ്രതിഭാ തീയേറ്റേഴ്‌സിലെയും കെ പി ടി എ യിലെയും കലാകാരന്മാരായ ശങ്കരാടി, മണവാളൻ ജോസഫ്, പോഞ്ഞിക്കര ഗംഗാധരൻ, വർഗീസ് തിട്ടേൽ,വക്കച്ചൻ എന്നിവരാണ് മറ്റുവേഷങ്ങൾ കൈകാര്യം ചെയ്തത്.

ഈ പറഞ്ഞ സമിതികളെല്ലാവരുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുള്ള പി ജെ ആന്റണി വളരെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് അഭിനയിച്ചത്. രക്തദാഹികളായ സാമ്രാജ്യത്വ ശക്തികൾ നടത്തിയ യുദ്ധത്തിന്റെ കെടുതികൾ നേരിട്ടനുഭവിച്ച, ഹിരോഷിമ യും നാഗസാക്കിയും പേടി സ്വപ്നങ്ങളായി ക്കാണുന്ന അനേകായിരം പേക്കോലങ്ങളുടെ പ്രതിനിധിയായ, മാനസികാസാസ്ഥ്യം നേരിടുന്ന ഒരാൾ.... ആ വേഷത്തിലുള്ള ആന്റണിയുടെ പെർഫോമൻസ് മറ്റുള്ള നടീനടന്മാരിൽ നിന്നെല്ലാം വേറിട്ടു നിന്നു.

ഓടത്തെ ആന്റണിയായി അഭിനയിച്ച എൻ ഗോവിന്ദൻ കുട്ടി ആ നാടകാവതരണത്തെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

'സമ്മേളനത്തിന്റെ മൂന്നു ഭാഗവും -- നാലു ഭാഗവും എന്നുപറയുന്നതാണ് ശരി --തുറന്നിട്ടുകൊണ്ടാണ് 'കടലിരമ്പുന്നു' അവതരിപ്പിച്ചത്.പെരിയാറിന്റെ തീരത്തു നിന്നുകൊണ്ട് ഒരു മനുഷ്യമഹാസമുദ്രം തന്നെ ആ നാടകം കണ്ടു.... കേരളത്തിൽ നിന്നും പുറത്തു നിന്നുമെത്തിയ എല്ലാ ജനനേതാക്കന്മാരും പ്രത്യേകം പ്രത്യേകം വന്ന് നാടകകൃത്തായ പി ജെ ആന്റണിയെ അഭിനന്ദിച്ചു.'

മട്ടാഞ്ചേരി രക്തസാക്ഷികളുടെ കഥപറയുന്ന 'പാർട്ടി ക്കാർഡ്',എന്ന ആ നാടകത്തിന് 'ഇൻക്വിലാബിന്റെ മക്കൾ', 'ഉഴവുചാൽ', 'മണ്ണ്', 'രശ്മി', 'സീമ','രാഗം' 'സോഷ്യലിസം', 'സോക്രട്ടീസ്' തുടങ്ങിയ പി ജെ ആന്റണിയുടെ മറ്റു നാടകങ്ങളെ പോലെ ജനസമ്മതി നേടാനായില്ല എന്നത് സത്യമാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ തിരുകൊച്ചി സംസ്ഥാന സമ്മേളനത്തിലെ, എക്കാലത്തെയും പ്രഗത്ഭ മതികളും പ്രതിഭാധനരുമായ ഒരു സംഘം അഭിനേതാക്കൾ ഒത്തു ച്ചേർന്നുകൊണ്ടുള്ള ആ അവതരണം ഒന്നു കൊണ്ടു മാത്രം ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒന്നായി മാറി.

'പട്ടാളത്തെ പുല്ലായ് ക്കരുതിയ മട്ടാഞ്ചേരി'യുടെ എഴുപതാം വാർഷികം ആഘോഷിക്കാൻ ഇനി അധിക നാളുകളില്ല .ഈയിടെയായി മാധ്യമങ്ങളിലൂടെ വീണ്ടും ശ്രദ്ധനേടിയിട്ടുള്ള ആ പടപ്പാട്ട് പോലെ മട്ടാഞ്ചേരിയുടെ സ്മരണ ജ്വലിപ്പിക്കുന്ന 'പാർട്ടിക്കാർഡ്' എന്ന ആ മനുഷ്യഗാഥയും അരങ്ങത്ത് പുനഃ സൃഷിക്കാൻ ചരിത്ര വിദ്യാർത്ഥികളും നാടകപ്രവർത്തകരും മുന്നോട്ടു വന്നെങ്കിൽ! പുതിയ തലമുറയ്ക്ക് പ്രചോദനം പകർന്നുകൊണ്ട് ആന്റണിയുടെ പാട്ട് അന്തരീക്ഷത്തിൽ മുഴുങ്ങിക്കേൾക്കുന്നുണ്ട്.

'നാട്ടിനു വേണ്ടി ചോരയൊഴുക്കിയ
നാട്ടിൻ വീരഭടന്മാരേ!
നാട്ടിൻ ചോരക്കുഴലുകൾ തോറും
വീര്യമിയറ്റും നിങ്ങൾക്കായ്,
വഴിവക്കുകളിൽ -- പുൽക്കൂടിലുകളിൽ --
തൊഴിൽശാലകളിൽ --
വയലുകളിൽ
വഴിയും ധീരതയാർന്നഭിവാദന --
മരുളും മുഷ്ടികളുയരുന്നു!'