തങ്കലാന് വേണ്ടി വളരെയധികം കഷ്ടപ്പെട്ടു; വിക്രം ഷൂട്ടിങ്ങിനെത്തിയത് എന്തിനും തയ്യാറായെന്ന് പ. രഞ്ജിത്ത്

തങ്കലാൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ വിക്രം എടുത്ത കഠിനാധ്വാനത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ പ. രഞ്ജിത്ത്. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന വിക്രമിന്റെ ലൂക്ക് ഇതിനോടകം വലിയ ചർച്ചയായിരുന്നു. നിർമാണകമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
"ചിത്രത്തിന് വേണ്ടി വിക്രം വളരെയധികം കഷ്ടപ്പെട്ടു. ചിത്രത്തിന്റെ ലുക്കിനായി ഏകദേശം ആറ്, ഏഴ് മാസത്തെ സമയമെടുത്തു. എന്തും ചെയ്യാൻ തയാറായിട്ടായിരുന്നു വിക്രം സെറ്റിലെത്തിയത്. അത് തന്നോട് അദ്ദേഹം പറഞ്ഞിരുന്നു" എന്നും പ. രഞ്ജിത്ത് വ്യക്തമാക്കി.
കർണാടകയിലെ കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന തമിഴ് ചിത്രമാണ് തങ്കലാൻ. 1900 കാലഘട്ടത്തിൽ കോലാറിലെ ജനങ്ങളുടെ ജീവിതവും അവർ നേരിട്ടിരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിന്റെ 105 ദിവസത്തെ ചിത്രീകരണം പൂർത്തിയായി. ഇനി 20 ദിവസത്തെ ഷൂട്ട് കൂടിയാണ് പൂർത്തിയാക്കാനുള്ളത്. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.