ഒരു ദിവസം പ്രണയമില്ലെന്ന് മനസിലാക്കി; 20 വർഷമായി സീതയോട് സംസാരിച്ചിട്ടില്ല; പാർത്ഥിപൻ

  1. Home
  2. Entertainment

ഒരു ദിവസം പ്രണയമില്ലെന്ന് മനസിലാക്കി; 20 വർഷമായി സീതയോട് സംസാരിച്ചിട്ടില്ല; പാർത്ഥിപൻ

parthiban


സിനിമാ ലോകത്തെ ഒരു കാലത്തെ പ്രിയ താരദമ്പതികളായിരുന്നു പാർത്ഥിപനും സീതയും. 1990 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറി. എന്നാൽ വർഷങ്ങൾക്കിപ്പുറം 2001 ൽ സീതയും പാർത്ഥിപനും വേർപിരിഞ്ഞു.  സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്ന് പാർത്ഥിപൻ പറഞ്ഞു, സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ വാദിച്ചു.

എന്നാൽ ഈ വാദത്തെ സീത എതിർത്തു. എന്റേത് മാത്രമായ ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ, ഒരു സാധാരണ ഭാര്യ ആഗ്രഹിക്കുന്നത് മാത്രമാണ് ഞാൻ ആഗ്രഹിച്ചതെന്ന് സീത പറഞ്ഞു. പാർഥിപനാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും നടി വ്യക്തമാക്കി. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർത്ഥിപൻ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

പിരിയുമ്പോഴുള്ള വിഷമം എന്തിനാണ്, പൊരുത്തപ്പെട്ട് പോകാമെന്ന് കരുതും. പ്രണയം, ദൈവം, സമൂഹം എന്നീ മൂന്ന് കാര്യങ്ങളും യഥാർത്ഥത്തിൽ ഇല്ല. ഇല്ലാത്ത ഒരു കാര്യം ഉണ്ടാക്കി നമ്മൾ ജീവിക്കുന്നു. സന്തോഷമായിരുന്നാൽ നന്നാവും. സന്തോഷമില്ലെങ്കിൽ ശ്വാസം മുട്ടും. ഇതിൽ നിന്ന് എങ്ങനെ പുറത്ത് കടക്കുമെന്ന് ചിന്തിക്കും. അത്രയും വലിയ വേദന ആരും ആർക്കും കൊടുക്കേണ്ടതില്ല. ജീവിതം ഒന്ന് മാത്രമാണ്. അതേസമയം താനും സീതയും പിരിഞ്ഞത് മക്കളെ മനസിലാക്കുക ബുദ്ധിമുട്ടായിരുന്നെന്നും പാർത്ഥിപൻ പറയുന്നു. ഇപ്പോഴും സീതയോട് ബഹുമാനമുണ്ട്.

പന്ത്രണ്ട് വർഷം വഴക്കിടേണ്ടായിരുന്നു, ഒത്തുപോയില്ലെങ്കിൽ അന്നേ പിരിഞ്ഞ് സന്തോഷത്തോടെയിരിക്കാമായിരുന്നു. എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്ന് ഇപ്പോൾ തനിക്ക് തോന്നുന്നുണ്ടെന്നും പാർത്ഥിപൻ വ്യക്തമാക്കി. താനും സീതയും പിരിഞ്ഞത് മക്കൾക്ക് ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മനസിലാക്കാൻ ഉപകരിച്ചെന്നും പാർത്ഥിപൻ പറയുന്നു. ജീവിതം എന്താണെന്ന് മനസിലാക്കുകയാണ് പ്രധാനം. പ്രണയമാണ് ജീവിതമെന്ന് ഞാനും ഭാര്യയും കരുതി.

അത് ഇല്ലെന്ന് ഒരു ദിവസം ഞങ്ങൾക്ക് മനസിലായി. ഇപ്പോൾ ഒരു പ്രണയമുണ്ടെങ്കിൽ ആരെയും വേദനിപ്പിക്കാതെ അത് മനോഹരമായിരിക്കുമെന്നും പാർത്ഥിപൻ പറയുന്നു. മൂത്ത മകൾ അഭിനയ അമ്മയുടെ കൂടെയായതിനാൽ മാസത്തിൽ ഒരു തവണയാണ് കണ്ടിരുന്നത്. വേർപിരിഞ്ഞ ആദ്യ നാളുകളിൽ ഇതേക്കുറിച്ച് മക്കളോട് പറഞ്ഞില്ല. മൂന്ന് പേരെയും മൂന്ന് സ്‌കൂളിൽ ചേർത്തു. 20 വർഷത്തോളമായി സീതയോട് സംസാരിച്ചിട്ടില്ലെന്നും പാർത്ഥിപൻ വ്യക്തമാക്കി.

സംവിധായകനായും നടനായും കരിയറിൽ സജീവമാണ് പാർത്ഥിപൻ. സീതയും കരിയറിൽ സാന്നിധ്യമറിയിക്കുന്നു. വിവാഹ മോചനത്തിന് ശേഷമാണ് സീത കരിയറിലേക്ക് തിരിച്ച് വന്നത്. മലയാളത്തിലും നിരവധി സിനിമകളിൽ സീത അഭിനയിച്ചിട്ടുണ്ട്.