പാർവ്വതി തിരുവോത്ത് വീണ്ടും ബോളിവുഡിൽ
ഷിമിത് അമീൻ സംവിധാനം ചെയ്യുന്ന ഏവിയേഷൻ ത്രില്ലർ ചിത്രം 'ക്യാപ്റ്റൻ ഇന്ത്യ'യിൽ നടി പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്നു. കാർത്തിക് ആര്യൻ നായകനാകുന്ന ചിത്രത്തിൽ നിർണായക കഥാപാത്രത്തെയാകും പാർവതി അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
യുദ്ധക്കെടുതിയിലായ രാജ്യത്തുനിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന പൈലറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന പൈലറ്റായാണ് കാർത്തിക് ആര്യൻ എത്തുന്നത്.ഹർമൻ ബവേജയുടെ ബവേജ സ്റ്റുഡിയോസും ഭൂഷൺ കുമാറിന്റെ ടി-സീരീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ പാർവതി 2017ൽ ഇർഫാൻ ഖാനൊപ്പം അഭിനയിച്ച 'ഖരീബ് ഖരീബ് സിംഗിൾ' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'കഡക് സിങ്', 'തു യാ മേ' തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. ഹൃതിക് റോഷൻ പ്രൈം വീഡിയോയ്ക്കായി നിർമിക്കുന്ന 'സ്റ്റോം' എന്ന വെബ് സീരീസിലും പാർവതി വേഷമിടുന്നുണ്ട്.
കബീർ ഖാൻ സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ് ഡ്രാമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യവാരത്തോടെ പൂർത്തിയാക്കിയ ശേഷം കാർത്തിക് ആര്യൻ 'ക്യാപ്റ്റൻ ഇന്ത്യ'യിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
