പൊലീസ് വേഷത്തിൽ ആദ്യമായി പാർവതി തിരുവോത്ത്; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം ആരംഭിച്ചു
മലയാളത്തിന്റെ പ്രിയനടി പാർവതി തിരുവോത്ത് തന്റെ ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു. 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. 'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്.
'ഉള്ളൊഴുക്കി'ന് ശേഷം പാർവതിയും 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സിനിമയിൽ പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർത്ഥ് ഭരതൻ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. പോലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കിയുള്ള ഒരു ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. കോട്ടയം, കോന്നി, എറണാകുളം എന്നിവിടങ്ങളിലായി 60 ദിവസത്തോളമാണ് ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്. ജെബി മേത്തർ എം.പി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ജയദേവൻ ചക്കടത്ത് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു.
