'‌അന്ന് അമ്മയാകണമെന്ന് തോന്നി, കുഞ്ഞിന്റെ പേര് ടാറ്റൂ ചെയ്തു; എന്നാൽ ഇപ്പോൾ ഉറപ്പില്ല'; പാർവതി പറയുന്നു

  1. Home
  2. Entertainment

'‌അന്ന് അമ്മയാകണമെന്ന് തോന്നി, കുഞ്ഞിന്റെ പേര് ടാറ്റൂ ചെയ്തു; എന്നാൽ ഇപ്പോൾ ഉറപ്പില്ല'; പാർവതി പറയുന്നു

parvathi


സിനിമാ രം​ഗത്ത് വലിയ മാറ്റങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. സിനിമാ രം​ഗത്ത് പാർവതി സജീവ സാന്നിധ്യമാണിപ്പോൾ. ഇപ്പോഴിതാ അമ്മയാകാൻ ആ​ഗ്രഹിച്ച കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. കുട്ടിക്കാലത്ത് തനിക്ക് അമ്മയാകാൻ തോന്നിയിരുന്നെന്ന് പാർവതി പറയുന്നു. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഏഴ് വയസായപ്പോൾ മകളുടെ പേരെന്താണെന്ന് ഞാൻ തീരുമാനിച്ചു. 27 വയസൊക്കെയായപ്പോൾ മിക്കവാറും അഡോപ്റ്റ് ചെയ്യുമായിരിക്കും അമ്മേ, പൊരുത്തപ്പെട്ട് ഒന്നും ന‌ടക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു.

അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര് എനിക്ക് അറിയാമായിരുന്നു. ഞാൻ പച്ച കുത്തി. എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്. എന്നാൽ ഇന്ന് പല കാരണങ്ങളാൽ എനിക്ക് അമ്മയാകണമെന്ന് ഉറപ്പില്ല. പരിസ്ഥിതി പ്രശ്നങ്ങളും മറ്റുമുണ്ട്. പൊളിറ്റിക്കൽ രീതിയിൽ ചിന്തിക്കാൻ തുടങ്ങി. ഒരുപക്ഷെ പങ്കാളിയുണ്ടെങ്കിൽ ഇതൊന്നും ചിന്തിച്ചേക്കില്ലെന്നും പാർവതി പറഞ്ഞു. എന്റെ വളർത്ത് നായയെക്കുറിച്ച് ഞാൻ പറയാറുള്ളത് എന്റെ ഹൃദയം എന്റെ ​ദേഹത്ത് നിന്ന് പുറത്ത് വന്ന് നടന്ന് പോകുന്നു എന്നാണ്. അവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിക്കും എന്ന തോന്നൽ. അതെനിക്ക് അരുമ മൃ​ഗത്തോട് തോന്നുന്നുണ്ടെങ്കിൽ നമ്മുടെ ഉള്ളിൽ നിന്നുണ്ടാകുന്ന കുഞ്ഞിനോടോ ദത്തെടുക്കുന്ന കുഞ്ഞിനോടോ ഉള്ള സ്നേഹം തനിക്ക് മനസിലാക്കാനാകുമെന്ന് പാർവതി പറയുന്നു.

എനിക്ക് എത്ര പ്രായമായാലും അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആശങ്ക ഞാൻ സേഫ് ആണോ ഹാപ്പി ആണോ എന്നായിരിക്കും. ഞാൻ സുരക്ഷിതയും സന്തോഷവതിയുമായിരിക്കും എന്നാണ് അവർക്ക് ഞാൻ കൊടുക്കാറുള്ള ഉറപ്പ്. കല്യാണം കഴിക്കുമെന്നോ എവിടെ ജീവിക്കുമെന്നോ എനിക്ക് ഉറപ്പ് തരാൻ പറ്റില്ല. താൻ സേഫ് ആണെന്ന് ഉറപ്പ് വരുത്തുമെന്നും പാർവതി വ്യക്തമാക്കി.

റിലേഷൻഷിപ്പിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും പാർവതി തിരുവോത്ത് പങ്കുവെച്ചു. എല്ലാവർക്കും ഒരു സംഭവം തന്നെ റിലേഷൻഷിപ്പിൽ നിന്ന് വേണമെന്നില്ല. എനിക്ക് കംപാനിയൻഷിപ്പാണ് വേണ്ടത്. പക്ഷെ വേറൊരാൾക്ക് അതായിരിക്കില്ല വേണ്ടത്. ചിലർക്ക് ഫിനാൻഷ്യൽ സെക്യൂരിറ്റി ആയിരിക്കും വേണ്ടത്. ചിലർക്ക് കൂടുതൽ സംസാരിക്കണമെന്നുണ്ടാവില്ല.

കുട്ടികൾ വേണമെന്നായിരിക്കും മറ്റ് ചിലർക്ക്. അതിനെ മറ്റൊരാൾ ജഡ്ജ് ചെയ്യേണ്ടതില്ലെന്നും പാർവതി തിരുവോത്ത് അഭിപ്രായപ്പെട്ടു. ഉള്ളൊഴുക്ക്, തങ്കലാൻ എന്നീ സിനിമകളിലാണ് പാർവതിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.