പാർവതിയുടെ ആദ്യ പോലീസ് വേഷം; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി
മലയാള സിനിമയിലെ അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്ന പാർവതി തിരുവോത്ത് ആദ്യമായി പോലീസ് കുപ്പായമണിയുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പാർവതിക്കൊപ്പം സിദ്ധാർഥ് ഭരതൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ് എന്നിവർ പോലീസ് യൂണിഫോമിൽ നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഷഹദ് സംവിധാനം ചെയ്യുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തും.
'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമാണം. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.
തമിഴ് നടൻ പാർഥിപൻ, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, നിയാസ് ബക്കർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി രാജും സംഗീതം മുജീബ് മജീദും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ്. കോട്ടയം, തൃശൂർ, ബെംഗളൂരു തുടങ്ങി വിവിധ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.
