ബോക്സ് ഓഫീസ് വിറപ്പിക്കാൻ 'പേട്രിയറ്റ്'; സെൻസറിങ് പൂർത്തിയായി; അഡ്വാൻസ് ബുക്കിങ് നാളെ മുതൽ

  1. Home
  2. Entertainment

ബോക്സ് ഓഫീസ് വിറപ്പിക്കാൻ 'പേട്രിയറ്റ്'; സെൻസറിങ് പൂർത്തിയായി; അഡ്വാൻസ് ബുക്കിങ് നാളെ മുതൽ

patriot


മലയാള സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പേട്രിയറ്റ്' സെൻസറിങ് പൂർത്തിയാക്കി തിയേറ്ററുകളിലേക്ക്. സെൻസർ ബോർഡിൽ നിന്ന് 'യു/ എ 16+' സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് മൂന്ന് മണിക്കൂർ 25 സെക്കൻഡ് ആണ് ദൈർഘ്യം. മേയ് ഒന്നിന് ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അഖിലേന്ത്യാ തലത്തിലുള്ള അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച (നാളെ) രാവിലെ ഒൻപത് മണി മുതൽ ആരംഭിക്കും.

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് പേട്രിയറ്റിനെ ഇതിഹാസ കാത്തിരിപ്പാക്കി മാറ്റുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ മാസ് ആക്ഷൻ സ്പൈ ത്രില്ലറിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പവർ പാക്ക്ഡ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും മാനുഷ് നന്ദന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ വലിയ കാൻവാസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്. ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്ന ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും. മേയ് ഒന്നിന് രാവിലെ 9.15-നാണ് ആദ്യ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.