ആക്ഷൻ വേട്ടയ്ക്ക് തുടക്കമിടാൻ പെപ്പെ വരുന്നു; 'കാട്ടാളൻ' വലിയ പെരുന്നാൾ റിലീസായി മെയ് 28-ന്

  1. Home
  2. Entertainment

ആക്ഷൻ വേട്ടയ്ക്ക് തുടക്കമിടാൻ പെപ്പെ വരുന്നു; 'കാട്ടാളൻ' വലിയ പെരുന്നാൾ റിലീസായി മെയ് 28-ന്

KATTALAN


ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ 'കാട്ടാളൻ' മെയ് 28-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. വലിയ പെരുന്നാൾ (ഈദ്) റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആനക്കൊമ്പ് കള്ളക്കടത്തും വന്യമായ പ്രതികാരവും പ്രമേയമാകുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ വിഷ്വൽ ട്രീറ്റുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. 'കെജിഎഫ്' ഫെയിം രവി ബസ്രൂർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ട്രെയിലറുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ആനവേട്ടയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ വന്യമായ ആക്ഷൻ രംഗങ്ങളാണ് കെച്ച കെംബഡികെ ഒരുക്കിയിരിക്കുന്നത്. തായ്‌ലൻഡിലെ പ്രശസ്തമായ 'ഓങ്-ബാക്ക്' എന്ന ചിത്രത്തിലെ പോംഗ് എന്ന ആനയും ഈ സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

തമിഴ് നടി ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഹോംബാലെ ഫിലിംസ് കർണാടക വിതരണാവകാശവും ഫാർസ് ഫിലിംസ് ഓവർസീസ് വിതരണാവകാശവും റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത് സിനിമയുടെ വ്യാപ്തി വ്യക്തമാക്കുന്നു. 140 ദിവസത്തെ നീണ്ട ചിത്രീകരണത്തിന് ശേഷം എത്തുന്ന 'കാട്ടാളൻ' മെയ് മാസത്തിലെ ചൂടിൽ തിയേറ്ററുകളിൽ ആവേശത്തിന്റെ തീപ്പൊരി പാറിക്കുമെന്ന് ഉറപ്പാണ്.