കാട്ടാളനായി പെപ്പെ വരുന്നു; 'ദി ഹണ്ടർ ആന്തം' പുറത്തിറക്കി മോഹൻലാൽ!

  1. Home
  2. Entertainment

കാട്ടാളനായി പെപ്പെ വരുന്നു; 'ദി ഹണ്ടർ ആന്തം' പുറത്തിറക്കി മോഹൻലാൽ!

KATTALAN PEPE


മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ വിരുന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന 'കാട്ടാളൻ' സിനിമയിലെ ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനമായ 'ദി ഹണ്ടർ ആന്തം' പുറത്തിറങ്ങി. മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ്.

സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് ഒരുക്കിയിരിക്കുന്ന ഈ ആവേശം പടർത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഹാൽ സാദിഖ്, ഹനാൻ ഷാ, എസ്‌വിഡിപി, മുൻസ് എന്നിവർ ചേർന്നാണ്. സുഹൈൽ കോയ, വിഘ്നേഷ്, എസ്‌വിഡിപി എന്നിവരുടേതാണ് വരികൾ. അശ്വിൻ എസ് കുമാർ സംവിധാനം ചെയ്ത ഈ ആന്തത്തിലെ ചടുലമായ നൃത്തച്ചുവടുകളും വിസ്മയകരമായ ദൃശ്യങ്ങളും ഇതിനകം തന്നെ ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു. മെയ് 28-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ആനക്കൊമ്പ് കള്ളക്കടത്തിന്റെ വന്യമായ കഥ പറയുന്ന 'കാട്ടാളൻ' ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ്. കെജിഎഫ് താരം രവി ബസ്രൂറിന്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറും അജനീഷ് ലോക്നാഥിന്റെ സംഗീതവും ചിത്രത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. 'ഓങ്-ബാക്ക് 2', 'ബാഹുബലി 2' തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തായ്‌ലൻഡിലെ പ്രശസ്തനായ 'പോംഗ്' എന്ന ആനയും ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഉണ്ണി ആർ സംഭാഷണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ ദുഷാര വിജയനാണ് നായിക. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവർക്കൊപ്പം ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹോംബാലെ ഫിലിംസ് കർണാടകയിലെ വിതരണാവകാശം സ്വന്തമാക്കിയതോടെ ഒരു വമ്പൻ റിലീസിനാണ് 'കാട്ടാളൻ' തയ്യാറെടുക്കുന്നത്.