'ട്രാഫിക് നിർമിച്ചത് 22-ാംവയസിൽ'; ചെറുപ്പക്കാരായ നിർമാതാക്കൾക്ക് ലിസ്റ്റിൻ പ്രചോദനമെന്ന് പൃഥ്വിരാജ്

  1. Home
  2. Entertainment

'ട്രാഫിക് നിർമിച്ചത് 22-ാംവയസിൽ'; ചെറുപ്പക്കാരായ നിർമാതാക്കൾക്ക് ലിസ്റ്റിൻ പ്രചോദനമെന്ന് പൃഥ്വിരാജ്

SELFIE


പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കായ 'സെൽഫി'യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇമ്രാൻ ഹാഷ്മിയും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

ഇപ്പോഴിതാ സെൽഫിയുടെ ട്രെയിലർ ലോഞ്ചിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ട്രെയിലർ ലോഞ്ച് ചടങ്ങിൽ പ്രധാന അതിഥികളായി പൃഥ്വിരാജും സുപ്രിയ മേനോനും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പങ്കെടുത്തിരുന്നു. കരൺ ജോഹറായിരുന്നു അവതാരകൻ.

മലയാള സിനിമയിൽ നാഴികക്കല്ല് സൃഷ്ടിച്ച നിർമാതാവാണ് ലിസ്റ്റിൻ സ്റ്റീഫനെന്ന് പൃഥ്വിരാജ് പറഞ്ഞു. മലയാളത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ 'ട്രാഫിക്' എന്ന സിനിമ ലിസ്റ്റിൻ നിർമിച്ചത് 22ാം വയസ്സിലാണ്. ഇന്നത്തെ ചെറുപ്പക്കാരായ നിർമാതാക്കൾക്ക് ലിസ്റ്റിൻ സ്റ്റീഫൻ പ്രചോദനമാണെന്നും താരം ചൂണ്ടിക്കാട്ടി. അക്ഷയ് കുമാറിനോടുള്ള സൗഹൃദത്തെക്കുറിച്ചും ചടങ്ങിൽ പൃഥ്വിരാജ് സംസാരിച്ചു.

പൃഥ്വിരാജ് ചെയ്ത സൂപ്പർ സ്റ്റാറിന്റെ വേഷത്തിൽ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിഷഭ് ശർമയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 24-ന് തിയേറ്ററുകളിൽ എത്തും.