'എല്ലാവർക്കും കണ്ണിറുക്കൽ മതിയായിരുന്നു; നല്ല നടിയായി അറിയപ്പെട്ടാലും ആ പേര് പോകില്ല': പ്രിയ വാര്യർ പറയുന്നു

  1. Home
  2. Entertainment

'എല്ലാവർക്കും കണ്ണിറുക്കൽ മതിയായിരുന്നു; നല്ല നടിയായി അറിയപ്പെട്ടാലും ആ പേര് പോകില്ല': പ്രിയ വാര്യർ പറയുന്നു

priya


മലയാളികൾക്ക് പ്രേത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനമാണ് പ്രിയയുടെ തലവര മാറ്റിയത്. അതിലെ ഒരൊറ്റ കണ്ണിറുക്കലാണ് പ്രിയക്ക് ലോകമെമ്പാടും ആരാധകരെ സമ്മാനിച്ചത്. കണ്ണിറുക്കൽ ഹിറ്റായത്തോടെ ലോകമെമ്പാടും 'വിങ്ക് ഗേൾ' ആയി അറിയപ്പെടുകയായിരുന്നു താരം.

അതിന് ശേഷം ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ബ്രാൻഡുകളുടെ മുഖമായി പ്രിയ മാറി. നിരവധി പരസ്യ ചിത്രങ്ങളിൽ നടി അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ നിന്നൊക്കെ അവസരങ്ങൾ തേടിയെത്തി. എന്നാൽ ആ കണ്ണിറുക്കൽ തനിക്ക് ഒരു ഭാരമായി മാറിയിരുന്നുവെന്ന് പറയുകയാണ് പ്രിയ ഇപ്പോൾ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ വാര്യർ മനസ് തുറന്നത്.

കണ്ണിറുക്കൽ ഹിറ്റായതിന് പിന്നാലെ വന്ന നിരവധി പരസ്യങ്ങളിൽ തനിക്കത് ആവർത്തിക്കേണ്ടി വന്നു എന്നാണ് പ്രിയ പറയുന്നത്. തന്നെ സമീപിക്കുന്ന ബ്രാൻഡുകൾക്കെല്ലാം കണ്ണിറുക്കൽ മതിയായിരുന്നു. ഒടുവിൽ അത് എന്നെക്കൊണ്ട് ചെയ്യിക്കരുത് എന്ന് പറയേണ്ട സാഹചര്യം വന്നു എന്നാണ് പ്രിയ പറയുന്നത്. അഡാർ ലവ്വിന് ശേഷം വന്ന സിനിമ ഓഫറുകളിൽ മിക്കതും സ്‌കൂൾ ഗേൾ വേഷങ്ങൾ ആയിരുന്നുവെന്നും പ്രിയ പറയുണ്ട്.

'ആദ്യ സിനിമ കഴിഞ്ഞ് സ്റ്റുഡന്റ്, സ്‌കൂൾ ഗേൾ എന്നിങ്ങനെയുള്ള വേഷങ്ങളാണ് വന്നുകൊണ്ടിരുന്നത്. എനിക്ക് എന്തെങ്കിലും വ്യത്യസ്തമായത് ചെയ്യണം എന്നായിരുന്നു. കരിയറിൽ ഒരു ഉയർച്ച കാണിക്കാൻ കഴിയണം എന്നുണ്ടായിരുന്നു. ടൈപ്പ് കാസ്റ്റ് ആയിപ്പോയാൽ അവിടെ ഇരിക്കുകയേ ഉള്ളു. അതുകൊണ്ട് നോക്കിയാണ് വേഷങ്ങൾ തിരഞ്ഞെടുത്തു കൊണ്ടിരുന്നത്. ഈ അടുത്തായിട്ടാണ് എനിക്ക് മലയാളത്തിൽ നിന്ന് അവസരങ്ങൾ വന്നു തുടങ്ങിയത്. അപ്പോഴും ഒരുപോലെയുള്ള വേഷങ്ങൾ ചെയ്യാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്', പ്രിയ പറഞ്ഞു.

'അധികം സിനിമകൾ ചെയ്യാത്തത് കൊണ്ട് ഞാൻ ടൈപ്പ് കാസ്റ്റ് ആയെന്ന് പറയാൻ കഴിയില്ല. എന്നാൽ ആദ്യ സിനിമയിലെ കണ്ണിറുക്കലിന് ശേഷം എനിക്ക് എല്ലാ പരസ്യങ്ങളിലും ബ്രാൻഡ് പ്രമോഷനുകളിലും അവർക്ക് വേണ്ടിയിരുന്നത് കണ്ണിറുക്കലായിരുന്നു',

'ഏത് പരസ്യം ചെയ്താലും അതിന്റെ അവസാനം അവർക്ക് ഒരു കണ്ണിറുക്കൽ വേണം. രണ്ടു മൂന്നെണ്ണം കഴിഞ്ഞപ്പോൾ ഇനി എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്, ഞാൻ ചെയ്യില്ല എന്ന് പറയേണ്ടി വന്നു,' ഇല്ലെങ്കിൽ താൻ അതിലേക്ക് മാത്രമായി ഒതുങ്ങി പോകുമായിരുന്നുവെന്ന് പ്രിയ പറയുന്നു.

എത്രയൊക്കെ സിനിമകൾ ചെയ്താലും വിങ്ക് ഗേൾ എന്ന പേര് പോകില്ലെന്ന് തനിക്ക് മനസിലായെന്നും പ്രിയ അഭിമുഖത്തിൽ പറയുന്നുണ്ട്. 'ഞാൻ ഇനി കുറേ സിനിമകൾ ചെയ്ത് നല്ലൊരു നടിയാണെന്ന് പറഞ്ഞാലും കണ്ണിറുക്കൽ അവിടെയും പറയുമെന്നാണ് ഞാൻ മനസിലാക്കുന്നത്,'

'അത് ഞാനായിട്ട് ഉണ്ടാക്കിയെടുത്ത ഒരു ഷെല്ലാണെങ്കിൽ എനിക്ക് അത് മനസിലാക്കാം. പക്ഷേ ഇത് ഇവരെല്ലാം ചേർന്ന് എനിക്ക് ചാർത്തി തന്നതാണ്. ഞാൻ വന്നു പത്ത് സെക്കൻഡിൽ എന്തോ ചെയ്തു. അത് ആളുകൾ ആഘോഷിച്ചു. മീഡിയയിലൂടെ അത് അങ്ങ് വ്യാപിച്ചു. ഇതൊന്നും നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യങ്ങൾ ആയിരുന്നില്ല,' പ്രിയ പറഞ്ഞു.
അതേസമയം, വി.കെ പ്രകാശ് പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് പ്രിയയുടെ ഏറ്റവും പുതിയ ചിത്രം.