ആദ്യം ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു; ആ നടി പോയതോടെ ഹീറോയിനായി; പ്രിയ വാര്യർ പറയുന്നു

  1. Home
  2. Entertainment

ആദ്യം ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു; ആ നടി പോയതോടെ ഹീറോയിനായി; പ്രിയ വാര്യർ പറയുന്നു

priya


ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ. ഒറ്റ സിനിമ കൊണ്ട് പ്രിയയുണ്ടാക്കിയ തരംഗം ചെറുതല്ല. അതും സിനിമയുടെ റിലീസിന് മുമ്പ്. സിനിമയിലെ മാണിക്യ മലരായ എന്ന ഗാനമാണ് പ്രിയയെ പ്രശസ്തയാക്കിയത്. പ്രിയയെ സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നൂറിൻ ഷെരീഫായിരുന്നു. ചെറിയ വേഷം ചെയ്ത പ്രിയ പി വാര്യർ പ്രശസ്തി നേടിയതോടെ നായികാ സ്ഥാനത്ത് നൂറിനേക്കാൾ പ്രാധാന്യം പ്രിയക്കുണ്ടായി.

എന്നാൽ റിലീസിന് ശേഷം സാഹചര്യം മാറി. സിനിമ പ്രേക്ഷക പ്രീതി നേടിയില്ല. പ്രിയ ഓവർ റേറ്റഡ് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾ വന്നു.  യുവനടിമാരിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് വിധേയയായ നടിയും മലയാളത്തിൽ ഒരുപക്ഷെ പ്രിയയായിരിക്കും. ആദ്യ സിനിമയ്ക്ക് ശേഷം പ്രിയയെ മലയാള സിനിമയിൽ കണ്ടതേയില്ല.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫോർ ഇയേർസ് എന്ന സിനിമയിലൂടെ പ്രിയ മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തി. സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ലൈവ് ആണ് പ്രിയയുടെ അടുത്ത മലയാള സിനിമ. മംമ്ത മോഹൻദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 'തുടക്കത്തിൽ ഗൈഡൻസൊന്നും ഇല്ലാത്തത് കൊണ്ട് തെറ്റായ സിനിമകൾ ചെയ്തു. വെളിവ് വന്ന സമയത്ത് നിറയെ പടങ്ങൾ ഇല്ലെങ്കിലും നല്ല പടങ്ങൾ ചെയ്താൽ മതിയെന്ന് തീരുമാനിച്ചു. ഞാൻ ഭയങ്കര കാര്യമായി എന്റെ അഭിനയ ജീവിതം ഇങ്ങനെ പോവണമെന്ന് പ്ലാൻ ചെയ്ത ആളാണ്. എവിടെയെങ്കിലും പാസിംഗ് ഷോട്ടിൽ വരും. ആരെങ്കിലും നമ്മളെ ശ്രദ്ധിക്കും. ജൂനിയർ ആർട്ടിസ്റ്റായി വിളിക്കും. സപ്പോർട്ടിംഗ് ക്യാരക്ടറിന് വിളിക്കും'

'അപ്പോഴും ആരെങ്കിലും ശ്രദ്ധിക്കും. അങ്ങനെ നായികയായി വിളിക്കും. ഇങ്ങനെയായിരുന്നു അഞ്ച് വർഷത്തെ പ്ലാനിംഗ്. അഡാർ ലൗവിൽ ഓഡിഷന് പോയി എന്നെ വിളിച്ചപ്പോഴും ഞാനായിരുന്നില്ല പ്രധാന കഥാപാത്രം. എന്നെ ജൂനിയർ ആർട്ടിസ്റ്റായാണ് വിളിച്ചത്. ക്ലാസിലിരിക്കാൻ ഒരുപാട് പെൺകുട്ടികളെ വേണം. അങ്ങനെ പോയതാണ്. നാലാമത്തെ ഹീറോയിനായ കുട്ടിക്ക് ഒരു പേഴ്‌സണൽ എമർജൻസി വന്ന് പോവേണ്ടി വന്നു. അങ്ങനെയാണ് എന്നോട് ചോദിക്കുന്നത്. ഓക്കെയെന്ന് പറഞ്ഞു'. പ്രിയ പറഞ്ഞു.

'അങ്ങനെ ഒരു ദിവസം വിളിച്ചു. 200 ആൾക്കാരുള്ള ഓഡിറ്റോറിയത്തിന് മുന്നിൽ കൊണ്ടിരുത്തി, ചെയ്യാൻ പറഞ്ഞു. എനിക്കെന്താണോ തോന്നിയത് അത് ചെയ്തത്. ആക്ഷൻ പറയുന്നത് വരെ പേടിച്ചു. അത്രയും പിള്ളേരുണ്ട് ആ ഓഡിറ്റോറിയത്തിൽ. ആക്ഷൻ പറഞ്ഞപ്പോൾ എന്തൊക്കെയോ ചെയ്തു. ഒറ്റ ടേക്കായിരുന്നു'

മഞ്ചിന്റെ പരസ്യത്തിൽ അഭിനയിക്കുമ്പോൾ വളരെ ബുദ്ധിമുട്ടിയെന്ന് പ്രിയ തുറന്ന് പറഞ്ഞു. അഡാർ ലൗവിന് ഷോട്ടും കൊടുത്ത് ഞാൻ പോവുന്നത് മഞ്ചിന്റെ പരസ്യത്തിനാണ്. ഡയലോഗ് ഞാൻ 25 വേരിയേഷനിൽ കൊടുക്കണം. പത്ത് ടേക്കൊക്കെ പോയപ്പോഴേക്കും ശരിയായല്ലേ ചെയ്യുന്നതെന്ന് തോന്നി. ആ പരസ്യത്തിന് ചെയ്ത മേക്കപ്പൊന്നും ശരിയായിരുന്നില്ല.

ചെയ്യുമ്പോൾ തന്നെ ആത്മവിശ്വാസമില്ലായിരുന്നു. മോശമായാണ് ആ പരസ്യത്തിൽ അഭിനയിച്ചതെന്നും പ്രിയ പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കണ്ണെഴുതിയതിന് ടീച്ചർമാരുമായി വഴക്കായിരുന്നു. അത് കഴിഞ്ഞ് അറിയപ്പെട്ട ശേഷം അനിയനെ വിളിക്കാൻ സ്‌കൂളിൽ പോയി. തന്നെ വഴക്ക് പറഞ്ഞിരുന്ന ടീച്ചർ എന്താ പ്രിയ കണ്ണെഴുതാത്തതെന്ന് ചോദിച്ചതെന്നും പ്രിയ ഓർത്തു.