ഡ്യൂപ്പ് ആയ സ്ത്രീയുടെ ഭർത്താവ് പ്രിയദർശനോട് ചൂടായി; പടയോട്ടത്തിൽ സംഭവിച്ചത്, പോൾസൺ

  1. Home
  2. Entertainment

ഡ്യൂപ്പ് ആയ സ്ത്രീയുടെ ഭർത്താവ് പ്രിയദർശനോട് ചൂടായി; പടയോട്ടത്തിൽ സംഭവിച്ചത്, പോൾസൺ

priyadarshan


1982 ൽ ഇറങ്ങിയ മലയാള സിനിമ ആണ് പടയോട്ടം. പ്രേം നസീർ, മധു, ലക്ഷ്മി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ അഭിനയിച്ച സിനിമ ഇംഗ്ലീഷ് ചിത്രമായ ദ കൗണ്ട് ഓഫ് മോണ്ട് ക്രിസ്റ്റോയുടെ മലയാള അഡാപ്‌റ്റേഷൻ ആണ്. ജിജോ പുന്നൂസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്.

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലഘട്ടത്തിൽ പിറന്ന സിനിമ ആണിത്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച പോൾസൺ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

'മോഹൻലാലിന്റെ അച്ഛൻ ആയാണ് മമ്മൂട്ടി ഈ സിനിമയിൽ അഭിനയിച്ചത്. നന്നായിട്ട് ചെയ്തു മമ്മൂട്ടി. മോഹൻലാലും ചെയ്തു. മമ്മൂട്ടി, നസീർ സർ, മധു സർ ഇവരൊക്കെ ആണല്ലോ മെയിൻ. എന്റെ കല്യാണത്തിന്റെ പിറ്റേന്ന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഭാര്യയെ വീട്ടിലാക്കി ഞാൻ സെറ്റിലെത്തി'

'എല്ലാവരും എന്നെ കളിയാക്കി. നസീർ വന്നപ്പോൾ എന്താണ് വന്നതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞു, അതു കൊണ്ട് വന്നതാണെന്ന്. പുള്ളി ആലോചിച്ചിട്ട് നവോദയ അപ്പച്ചനെ വിളിച്ചു. അപ്പച്ചാ പോൾസന്റെ വൈഫിനോട് ഇങ്ങോട്ട് വരാൻ പറയണം, അവിടെ ഹണി മൂൺ ആഘോഷിക്കട്ടെ എന്ന്'

'പുള്ളി ആ എന്ന് പറഞ്ഞു. ഒന്നും ചെയ്തില്ല. അപ്പോൾ നസീർ സർ പറഞ്ഞു, അപ്പച്ചാ എനിക്ക് അടുത്തയാഴ്ച വരാൻ പറ്റില്ല വേറൊരു ഷൂട്ട് ഉണ്ടെന്ന്. അതോടെ നവോദയ അപ്പച്ചൻ കാര്യമായെടുത്തു. ഏത് നമ്പറിൽ വിളിച്ചാൽ കിട്ടുമെന്ന് ചോദിച്ചു. പള്ളിയിൽ വിളിച്ച് പറഞ്ഞിട്ട് എന്റെ ഭാര്യ വന്നു. ഭാര്യയും അനിയത്തിയും കൂടി ആണ് വന്നത്. അങ്ങനെ ഉപകാരം ചെയ്യുന്ന ആളാണ് നസീർ സർ'

'പൂർണിമ ജയറാമിന്റെ സജഷൻ ഷോട്ട് എടുക്കണം. അതിന് വേണ്ടി പൂർണിമ ഇല്ല. എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ കൊണ്ട് വരാൻ തീരുമാനിച്ചു. ഒരു ആണിനെ കൊണ്ട് കാണിച്ചു. ഇവർ മതിയോ എന്ന് ചോദിച്ചു. ഓക്കെ പറഞ്ഞു. വേഷമിട്ട് തിരിച്ച് വന്നു. ഒരു ചൂരൽ കസേരയിൽ ആണ് പൂർണിമ ഇരിക്കേണ്ടത്. പൂർണിമ ഇരിക്കേണ്ട സ്ഥലത്ത് വന്ന് ഇരുന്നു'

'പ്രിയദർശൻ ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പ് വന്ന് ഇരുന്നപ്പോൾ ആ ഡ്യൂപ്പിന്റെ തോളിൽ കൈ വെച്ചു. ഒരാൾ വന്ന് പ്രിയന്റെ കൈക്കിട്ട് തട്ടി. അവിടെ കൈ വെക്കേണ്ട എന്ന് പറഞ്ഞു. പടയോട്ടം സെറ്റിൽ മോഹൻലാലിന്റെ കൂടെ അന്ന് എപ്പോഴും പ്രിയനുണ്ട്'

'എന്താ സംഭവമെന്ന് വെച്ചാൽ ഒരു ആണിനെ ഞങ്ങളെ കാണിച്ചെങ്കിലും അകത്തോട്ട് പോവുമ്പോൾ വഴിയിൽ ഒരു പെൺകൊച്ചിനെ കണ്ടു. ഒരു ഭാര്യയും ഭർത്താവും. ആ പെണ്ണിനെ വേഷം ധരിപ്പിച്ച് ഇരുത്തിയപ്പോഴാണ് പ്രിയദർശൻ ഡമ്മി ആണല്ലോ എന്ന് വിചാരിച്ച് കൈ കസേരയിൽ വെച്ചത്. അങ്ങനെ ഒരു വലിയ അമളി പ്രിയന് പറ്റി,' പോൾസൺ പറഞ്ഞു.