കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കാൻ അച്ഛൻ എടുത്ത സിനിമയല്ല ‘പ്രിയം’; ദീപാ നായർ
കുഞ്ചാക്കോ ബോബൻ നായകനായ 'പ്രിയം' എന്ന ചിത്രം നിർമിച്ചത് തന്റെ അച്ഛനാണെന്ന കാലങ്ങളായുള്ള പ്രചാരണം തള്ളിക്കളഞ്ഞ് നായിക ദീപാ നായർ. സിനിമ റിലീസ് ചെയ്ത് 26 വർഷങ്ങൾക്ക് ശേഷമാണ് ദീപ ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്. കെ.കെ. നായരാണ് ഈ ചിത്രം നിർമിച്ചതെന്നും അവർക്ക് ആകെ ഒരു സിനിമയേ ഉള്ളൂവെന്നും ദീപ വെളിപ്പെടുത്തി. ഈ തെറ്റായ പ്രചാരണം മൂലം യഥാർത്ഥ നിർമാതാവിന്റെ കുടുംബത്തിന് സങ്കടമുണ്ടായെന്ന് അറിഞ്ഞതിലാണ് താനിപ്പോൾ ഇക്കാര്യം തുറന്നുപറയുന്നതെന്നും താരം വ്യക്തമാക്കി.
സിനിമയിൽ അഭിനയിക്കുക എന്നത് തന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ലെന്ന് ദീപ പറയുന്നു. ഛായാഗ്രാഹകൻ വിപിൻ മോഹൻ ഒരു മാസികയിൽ ചിത്രം കണ്ടാണ് തന്നെ സമീപിച്ചത്. വിപിൻ മോഹന്റെ മകൾ മഞ്ജിമ മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന ധൈര്യത്തിലാണ് അച്ഛനും അമ്മയും അന്ന് സമ്മതം മൂളിയത്. 'പ്രിയം' വലിയ വിജയമായെങ്കിലും തുടർന്ന് സിനിമകൾ ചെയ്യാതിരുന്നത് എഞ്ചിനീയറിങ് പഠനത്തിന് മുൻഗണന നൽകിയതുകൊണ്ടാണെന്നും ദീപ കൂട്ടിച്ചേർത്തു.
പഠനത്തിന് ശേഷം സിനിമയിലേക്ക് തിരികെ വരാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നര വർഷത്തെ ഇടവേളയിൽ പുതിയ നായികമാരുടെ വരവോടെ അവസരങ്ങൾ കുറഞ്ഞു. ആ കാലത്ത് സോഷ്യൽ മീഡിയ ഇല്ലാത്തതും സിനിമാ മേഖലയുമായി ബന്ധമില്ലാതിരുന്നതും ഇതിന് കാരണമായി. പിന്നീട് മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചതോടെ താരം സിനിമാ ലോകത്ത് നിന്ന് പൂർണ്ണമായും മാറുകയായിരുന്നു.
