മുൻനിരനായകർക്ക് നാലുകോടി; യുവതാരം ആവശ്യപ്പെട്ടത് അഞ്ചുകോടി: ചിത്രങ്ങൾ ഉപേക്ഷിച്ച് നിർമാതാക്കൾ

  1. Home
  2. Entertainment

മുൻനിരനായകർക്ക് നാലുകോടി; യുവതാരം ആവശ്യപ്പെട്ടത് അഞ്ചുകോടി: ചിത്രങ്ങൾ ഉപേക്ഷിച്ച് നിർമാതാക്കൾ

Film policy


താരങ്ങളും സാങ്കേതിക വിദഗ്ധരും കുത്തനെ പ്രതിഫലമുയർത്തിയതോടെ മലയാള സിനിമ പ്രതിസന്ധിയിലേക്ക്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ‌് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് കത്തുനൽകി. പ്രതിഫലം താങ്ങാനാകാതെ ചില മുൻനിരനായകരുടെ ചിത്രങ്ങൾ നിർമാതാക്കൾ ഉപേക്ഷിച്ചിരിക്കുകയാണ്. 

നാലുകോടിക്കു മുകളിലാണ് എല്ലാ മുൻനിര നായകരുടെയും പ്രതിഫലം. മലയാളത്തിലെ ഒരു പ്രധാന യുവതാരം പുതിയ ചിത്രത്തിന് ആവശ്യപ്പെട്ടത് അഞ്ചുകോടി രൂപയാണ്. ഈ സിനിമ പൂർത്തിയാകുമ്പോൾ ആകെ ചെലവ് 15 കോടിയിലധികമാകും. ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വലിയ തുകയ്ക്ക് സിനിമവാങ്ങുന്നത് അവസാനിപ്പിച്ചതോടെ ഈ മുടക്കുമുതൽ തിയേറ്ററിൽനിന്നുമാത്രം തിരികെപ്പിടിക്കുക അസാധ്യമായി. ഹിറ്റുസിനിമകളിലെ നായകനായ കൗമാരതാരംപോലും ആവശ്യപ്പെടുന്നത് ഒന്നരക്കോടി രൂപയാണ്.

ഛായാഗ്രാഹകരിൽ ചിലർ ദിവസവേതനം ആക്കിക്കഴിഞ്ഞു. പ്രശസ്‌ത യുവ ഛായാഗ്രാഹകൻ ഒരു ദിവസത്തിന് ആവശ്യപ്പെടുന്നത് ഒരുലക്ഷം രൂപയാണ്. സഹായികളുടെ പ്രതിഫലം കൂടാതെയാണിത്.
പ്രധാന സംഗീതസംവിധായകർ പ്രതിഫലത്തിന് പകരം സിനിമയുടെ മ്യൂസിക് റൈറ്റ്സ് ആണ് വാങ്ങുന്നത്. ഇവർ അത് വൻതുകയ്ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കും. മുമ്പ് മ്യൂസിക് റൈറ്റ്സ് വിറ്റിരുന്നത് നിർമാതാവായിരുന്നു. ഫലത്തിൽ തിയേറ്റർ വരുമാനത്തിൽ മാത്രം പ്രതീക്ഷയർപ്പിക്കേണ്ട അവസ്ഥയിലാണ് നിർമാതാക്കളിപ്പോൾ.

വൻതുകമുടക്കിയാലും തിരികെക്കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ 'അമ്മ'യ്ക്ക് കത്തുനൽകിയത്. പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തിൽ ഇത് ചർച്ചയാകുമെന്നാണു കരുതുന്നത്. സാങ്കേതികവിദഗ്‌ധരുടെ പ്രതിഫലത്തെക്കുറിച്ച് ഫെഫ്കയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കനത്തപ്രതിഫലം വാങ്ങുന്ന താരങ്ങളുടെ സഹായികൾക്കും വൻതുക ചെലവിടേണ്ട സ്ഥിതി വന്നതോടെ പുതിയ സിനിമകൾ ചിത്രീകരിക്കേണ്ടെന്നാണ് തമിഴ്‌നാട്ടിലെ നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൻ്റെ തീരുമാനം. വിട്ടുവീഴ്ചയുണ്ടായില്ലെങ്കിൽ കേരളത്തിലും ഇതേ മാതൃക സ്വീകരിക്കേണ്ടിവരുമെന്ന്
നിർമാതാക്കൾ പറയുന്നു.