അന്ന് ചെയ്തതിന്റെയൊക്കെ ഫലമാണ് ജയറാം ഇപ്പോൾ അനുഭവിക്കുന്നത്; ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്; മണക്കാട് രാമചന്ദ്രൻ

  1. Home
  2. Entertainment

അന്ന് ചെയ്തതിന്റെയൊക്കെ ഫലമാണ് ജയറാം ഇപ്പോൾ അനുഭവിക്കുന്നത്; ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്; മണക്കാട് രാമചന്ദ്രൻ

jayaram


മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ ഒരിടം കണ്ടെത്താൻ ജയറാമിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലാണ് ജയറാം അഭിനയിച്ചിട്ടുള്ളത്. അതിൽ ഒട്ടുമിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.

ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം 'മകൾ' പോലും ബോക്‌സ് ഓഫീസിൽ പരാജയപ്പെടുന്നതാണ് കണ്ടത്. സിനിമകളുടെ തിരഞ്ഞെടുപ്പുകളിൽ ഒക്കെ നടനുണ്ടായ വീഴ്ചയാണ് പരാജയങ്ങൾക്ക് കാരണമായി പറയുന്നത്. അതിനിടെ ജയറാമിനെ കുറിച്ച് സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായ മണക്കാട് രാമചന്ദ്രൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

നല്ല കാലത്ത് ജയറാം നിരവധി യുവ സംവിധായകർക്ക് ഡേറ്റ് നൽകാതെ പറ്റിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അന്ന് ചെയ്തതിനൊക്കെയാണ് ജയറാം ഇപ്പോൾ അനുഭവിക്കുന്നതെന്ന് രാമചന്ദ്രൻ പറയുന്നു. ഒരിക്കൽ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

'ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പുതിയ സംവിധായകരെ കറക്കിയിട്ടുണ്ട്. എനിക്ക് അറിയാവുന്ന ഒരുപാട് സംവിധായകരെ പറ്റിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. അന്നത്തെ ആളുകളൊക്കെ ഇപ്പോൾ നല്ല സംവിധായകരായി. നമുക്ക് തുടങ്ങാം എന്നൊക്കെ പറയും, പിന്നെ തിരിഞ്ഞു നോക്കില്ല. ഇന്നാള് ലാൽ ജോസ് പറഞ്ഞല്ലോ, കഥ പറയാൻ പോയപ്പോൾ ശ്രീനിവാസൻ വന്ന് പറയട്ടെ എന്നൊക്കെ പറഞ്ഞ് ജയറാം പറഞ്ഞു വിട്ടെന്ന്', രാമചന്ദ്രൻ പറയുന്നു.

'ജയറാം നല്ലൊരു നടനാണ്. എന്നെയൊക്കെ വലിയ കാര്യമായിരുന്നു. നല്ലൊരാൾ ആയിരുന്നു. പക്ഷേ ഇത്തരത്തിൽ ഒരുപാട് കഥകൾ പുറത്തു പറഞ്ഞു കേട്ടിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർമാരായി നടക്കുന്നവരോട് ഒക്കെ നമ്മുക്ക് ഇത്രാം തീയതി തുടങ്ങാം എന്നൊക്കെ പറഞ്ഞു വയ്ക്കും. അയാൾ അത് വിശ്വസിച്ചു പോകും. സമയമാകുമ്പോൾ മറ്റൊരാൾക്ക് അല്ലേ കൊടുത്തിരിക്കുന്നത് എന്ന് ചോദിക്കും. ഇതിനിടയിൽ ജയറാം ഒരുപാട് വർക്കുകൾ ചെയ്യും. അങ്ങനെ ഒരുപാട് പേരോട് ചെയ്തിട്ടുണ്ട്', മണക്കാട് രാമചന്ദ്രൻ പറഞ്ഞു.

അതേസമയം, മലയാളത്തിൽ ഒരു ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ജയറാം. മലയാളത്തിലെ യുവ സംവിധായകരിൽ പ്രധാനിയായ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രത്തിൽ നായകനാകുന്നത് ജയറാമാണ്. 'അഞ്ചാം പാതിര' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'അബ്രഹാം ഓസ്‌ലർ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പ്രഖ്യാപനത്തിനൊപ്പം പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായി മാറിയിരുന്നു.