പുഷ്പ 2 റെക്കോർഡും തകർത്തു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമയായി ധുരന്ധർ

  1. Home
  2. Entertainment

പുഷ്പ 2 റെക്കോർഡും തകർത്തു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമയായി ധുരന്ധർ

dhurandhar


രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്‌സ് ഓഫീസിൽ സമാനതകളില്ലാത്ത വിജയഗാഥ രചിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോര്‍ഡ് ഇനി ധുരന്ധറിന് സ്വന്തം. 831 കോടി രൂപയാണ് ചിത്രം ഇതുവരെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം വാരിക്കൂട്ടിയത്. അല്ലു അർജുൻ നായകനായ 'പുഷ്പ 2: ദ റൂളിന്റെ' ഹിന്ദി പതിപ്പ് സ്ഥാപിച്ച 830 കോടിയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഷാരൂഖ് ഖാന്റെ 'ജവാൻ' (643 കോടി), 'സ്ത്രീ 2' (627 കോടി) എന്നിവയെ നേരത്തെ തന്നെ ചിത്രം പിന്നിലാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ദിനം മുതല്‍ ലഭിച്ച മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തെ ഈ വമ്പന്‍ നേട്ടത്തിലേക്ക് നയിച്ചത്. കേരളത്തിലടക്കം വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കിയ ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി. 'ദ റാത്ത് ഓഫ് ഗോഡ്' എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്റായാണ് രണ്‍വീര്‍ സിംഗ് ചിത്രത്തിൽ തകർത്താടുന്നത്.

രണ്‍വീര്‍ സിംഗിനെ കൂടാതെ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഐ.എസ്.ഐ ഓഫീസര്‍ മേജര്‍ ഇഖ്ബാല്‍ എന്ന കഥാപാത്രമായി അര്‍ജുന്‍ രാംപാല്‍ എത്തുമ്പോള്‍ സാറ അര്‍ജുനാണ് ചിത്രത്തിലെ നായിക. രണ്‍വീര്‍ സിംഗിന്റെ താരമൂല്യം ആഗോളതലത്തിൽ ഉയർത്തുന്നതാണ് ഈ ബോക്സ് ഓഫീസ് കുതിപ്പ്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഔദ്യോഗികമായി ഈ പുതിയ റെക്കോര്‍ഡ് വിവരം പുറത്തുവിട്ടത്.