'ബാച്ച്ലർ പാർട്ടി deux' ൽ സിംപിളായി രജിഷ; പോസ്റ്റർ പുറത്ത്
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലർ പാർട്ടി Deux'- ലെ രജിഷ വിജയന്റെ പോസ്റ്റർ പുറത്തുവന്നു. 'സിംപിൾ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജിഷ അവതരിപ്പിക്കുന്നത്. നവംബർ 19-നാണ് ചിത്രത്തിന്റെ ആഗോള റിലീസ് തീരുമാനിച്ചിരിക്കുന്നത്. 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ സൂപ്പർഹിറ്റ് ചിത്രം 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്ക് ശേഷമാണ് ജെൻ-സി വൈബിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്.
അടുത്തിടെ ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. 'D'EUX' എന്ന ഫ്രഞ്ച് വാക്കിന് രണ്ട് എന്നും 'അവരെക്കുറിച്ച്' എന്നും അർത്ഥമുണ്ട്.
യുവതാരങ്ങളെയും മുതിർന്ന അഭിനേതാക്കളെയും അണിനിരത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, പാരിസ് ലക്ഷ്മി, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഉണ്ണി ആറിന്റെ സംഭാഷണത്തിന് ക്രിസ്റ്റോ സേവ്യർ സംഗീതവും അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
