രജിഷ വിജയന്റെ സയൻസ് ഫിക്ഷൻ കോമഡി മസ്‌തിഷ്‌ക മരണം; ട്രെയിലർ പുറത്തിറങ്ങി
രജിഷ വിജയനെ പ്രധാന കഥാപാത്രമാക്കി കൃഷാന്ദ് സംവിധാനം ചെയ്യുന്ന 'മസ്‌തിഷ്‌ക മരണം: സൈമണ്‍ മെമ്മറീസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 'ആവാസവ്യൂഹം', 'പുരുഷ പ്രേതം' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് ഒരുക്കുന്ന ഈ സിനിമ ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയാണ്. ചിത്രത്തിനായി രജിഷ നടത്തിയ വമ്പൻ മേക്കോവർ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.
2046-ലെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ വി.എഫ്.എക്സിനും സ്റ്റൈലിഷ് വേഷപ്പകർച്ചകൾക്കും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനവുമായി ബന്ധപ്പെട്ട് നേരത്തെ ചില വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും, ട്രെയിലർ പുറത്തുവന്നതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെബ്രുവരി 27-ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
ജഗദീഷ്, സുരേഷ് കൃഷ്‌ണ, ദിവ്യ പ്രഭ, വിഷ്‌ണു അഗസ്ത്യ, ശാന്തി ബാലചന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയും കൊണ്ട് ശ്രദ്ധേയനായ കൃഷാന്ദിന്റെ ഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
