ഹൈവോൾട്ടേജ് ഡാൻസുമായി രാംചരൺ; എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ‘പെദ്ധി’യിലെ പുതിയ ഗാനം പുറത്തിറങ്ങി
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യിലെ 'വാ വാ വീരാ' എന്ന ഗാനം പുറത്തിറങ്ങി. എ.ആർ. റഹ്മാൻ ഈണം പകർന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ ആണ്. ജിതിൻ രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രാം ചരണ്‍റെ ഗംഭീര നൃത്തമാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം. ജാൻവി കപൂർ നായികയാകുന്ന ചിത്രം 2026 ഏപ്രിൽ 30-നാണ് തീയേറ്ററുകളിലെത്തുക.
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ-ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബോളിവുഡ് താരം ദിവ്യേന്ദു ശർമ്മ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. രത്നവേലു ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ ഡ്രാമയ്ക്കായി രാം ചരൺ നടത്തിയ ശാരീരിക മാറ്റങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
