യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണമെന്ന് രമേശ് പിഷാരടി
നടന്‍ സലിം കുമാറിന്‍റെ സംസ്കാര ചടങ്ങില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ തിക്കും തിരക്കും ഉണ്ടാക്കിയതില്‍ മകന്‍ ചന്ദു പ്രതിഷേധിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഏത് സ്ഥലം എന്നത് പരിഗണിക്കാതെ ക്ലിക്ക് ബൈറ്റിനുവേണ്ടി മൊബൈലില്‍ വീഡിയോ പകര്‍ത്താന്‍ ബന്ധുക്കള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ തിരക്ക് കൂട്ടിയവരാണ് വിമര്‍ശിക്കപ്പെടുന്നത്. ലാല്‍ ജോസ്, ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടനും സലിം കുമാറിന്‍റെ അടുത്ത സുഹൃത്തുമായ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി.സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് രമേഷ് പിഷാരടി വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. സലിം കുമാറിന്‍റെ മകന്‍ ചന്തു ദേഷ്യത്തോടെ പെരുമാറിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. “ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി. പലവട്ടം അഭ്യർത്ഥിച്ചിട്ടും മാറാൻ അവർ തയ്യാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകനുൾപ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി”, രമേഷ് പിഷാരടി പറയുന്നു.
