'ഒരു പ്രത്യേക പ്രതിച്ഛായയില്‍ ഒതുങ്ങിയിരിക്കാന്‍ താല്‍പര്യമില്ല, ബയോപിക്കുകളിൽ നിന്ന് വിട്ടു നിൽക്കുന്നു'; രൺദീപ് ഹൂഡ

  1. Home
  2. Entertainment

'ഒരു പ്രത്യേക പ്രതിച്ഛായയില്‍ ഒതുങ്ങിയിരിക്കാന്‍ താല്‍പര്യമില്ല, ബയോപിക്കുകളിൽ നിന്ന് വിട്ടു നിൽക്കുന്നു'; രൺദീപ് ഹൂഡ

randeep-hooda


സവര്‍ക്കറിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ ജീവചരിത്ര സിനിമകളുടെ ഭാഗമാകാനുദ്ദേശിക്കുന്നില്ലെന്ന് നടന്‍ രണ്‍ദീപ് ഹൂഡ. സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ചിത്രമാണ് നടന്‍ രണ്‍ദീപ് ഹൂഡയുടേതായി സമീപകാലത്ത് പുറത്തിറങ്ങിയ പ്രധാന ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ സ്വതന്ത്ര വീരസവര്‍ക്കര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇനി കുറച്ച് കാലം ജീവചരിത്ര സിനിമകളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് അദ്ദേഹം ഇന്‍കോണ്‍വര്‍സേഷന്‍ വിഭാഗത്തിലെ ചര്‍ച്ചയില്‍ വ്യക്തമാക്കി.

''എല്ലായ്പ്പോഴും കച്ചവട സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ റൊമാന്റിക്, ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടുള്ള നടനാണെന്ന് പലരും മറന്നുപോകുന്നു. എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക പ്രതിച്ഛായയില്‍ ഒതുങ്ങിയിരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ജീവചരിത്ര സിനിമകളില്‍ വിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. മാസ് മസാല സിനിമകള്‍ ധാരാളം ചെയ്യണം. എങ്കില്‍ മാത്രമേ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കൂ''- രണ്‍ദീപ് ഹൂഡ പറഞ്ഞു.

ശേര്‍ സിംഗ് റാണയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ രണ്‍ദീപ് ഹൂഡ നായകനായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൂഡയുടെ പ്രതികരണം. കുറച്ച് കാലം ജീവചരിത്ര സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് രണ്‍ദീപ് ഹൂഡ പറയുന്നത്. ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയില്‍വാസം അനുഭവിക്കുകയും ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം രാഷ്ട്രീയത്തിലെത്തുകയും ചെയ്ത വ്യക്തിയാണ് ശേര്‍ സിംഗ് റാണ. ഈ സിനിമയുടെ പ്രാഥമിക ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ ബോക്‌സോഫില്‍ തകര്‍ന്നടിഞ്ഞിരുന്നു. മഹേഷ് മഞ്ജരേക്കറായിരുന്നു തുടക്കത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍. എന്നാല്‍ 2022 ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി. പിന്നീട് രണ്‍ദീപ് ഹൂഡ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പരാജയം രണ്‍ദീപ് ഹൂഡയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.