ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി രൺവീർ സിംഗിന്റെ 'ധുരന്ദർ': മൂന്ന് ദിവസത്തിനുള്ളിൽ 103 കോടി കളക്ഷൻ
ബോളിവുഡിലെ ഹിറ്റ് വരൾച്ചയ്ക്ക് വിരാമമിട്ട് രൺവീർ സിങ് നായകനായ 'ധുരന്ദർ' ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ചിത്രം ഇന്ത്യയിൽ നിന്നു മാത്രം 103 കോടി രൂപ നേടി. കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ബോളിവുഡിന് ഒരു വലിയ വിജയം സമ്മാനിക്കാൻ ഈ ചിത്രത്തിന് കഴിയുമെന്നാണ്.
വെള്ളിയാഴ്ച റിലീസായ സിനിമയുടെ കളക്ഷനിൽ ശനിയാഴ്ച 30 ശതമാനം വർധനവുണ്ടായപ്പോൾ, ഞായറാഴ്ച ഇത് 55 ശതമാനമായി ഉയർന്നു. ഞായറാഴ്ച ഇന്ത്യയിൽ നിന്നു മാത്രമായി ചിത്രം 43 കോടി രൂപയാണ് നേടിയത്. മികച്ച 'വേർഡ് ഓഫ് മൗത്ത്' ആണ് ഈ കളക്ഷൻ കുതിപ്പിന് കാരണം. ആഗോളതലത്തിൽ ഇതുവരെ 152 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. വരും ദിവസങ്ങളിലും കളക്ഷൻ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 'ബാഗി 3', 'വിക്രം വേദ' തുടങ്ങിയ സിനിമകളുടെ കളക്ഷൻ റെക്കോർഡുകളെ 'ധുരന്ദർ' മറികടന്നു.
റിലീസിന് മുമ്പ് ചിത്രം നിരവധി വിവാദങ്ങളും വിമർശനങ്ങളും നേരിട്ടിരുന്നു. രൺവീർ സിങ്ങിന്റെ നായികയായി സാറ അർജുൻ വന്നതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇരുവരും തമ്മിലുള്ള 20 വയസിന്റെ വ്യത്യാസമായിരുന്നു വിമർശകർ ചൂണ്ടിക്കാട്ടിയത്. കൂടാതെ, സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മേജർ മോഹിത് ശർമ്മയുടെ കുടുംബം രംഗത്തെത്തിയതും വിവാദമായിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തുന്ന തരത്തിലുള്ള വിജയമാണ് സിനിമ ഇപ്പോൾ നേടുന്നത്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രൺവീർ സിങ്ങിന്റെ നായക വേഷത്തിനൊപ്പം അക്ഷയ് ഖന്നയുടെ വില്ലൻ വേഷവും സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ച് 19 ന് റിലീസാകും.
