'എന്റെ ജീവിതത്തെയും എന്റെ സ്വകാര്യതയെയും ഞാൻ ശരിക്കും ബഹുമാനിക്കുന്നു'; പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

താൻ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന. ദി ഹോളിവുഡ് റിപ്പോർട്ടർ എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ പങ്കാളിയുടെ പേര് താരം വെളിപ്പെടുത്തിയില്ല.
'വീട് ആണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം. എന്നെ ഉറച്ചുനിൽക്കാൻ സഹായിക്കുന്ന സ്ഥലം, വിജയം വന്ന് പോകാമെന്നും അത് എന്നെന്നേക്കുമുള്ളത് അല്ലെന്നും എന്നാൽ വീട് എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും മനസിലാക്കി തരുന്ന സ്ഥലം. അതിനാൽ, ആ ഇടത്തിൽ നിന്നാണ് ഞാൻ പ്രവർത്തിക്കുന്നത്. എത്രമാത്രം സ്നേഹവും പ്രശസ്തിയും ലഭിച്ചാലും ഞാൻ ഇപ്പോഴും ഒരു മകളാണ്, ഒരു സഹോദരിയാണ്, ഒരു പങ്കാളിയാണ്. എന്റെ ജീവിതത്തെയും എന്റെ സ്വകാര്യതയെയും ഞാൻ ശരിക്കും ബഹുമാനിക്കുന്നു'-താരം വ്യക്തമാക്കി.
തന്റെ പങ്കാളിയെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളും നടി പങ്കുവച്ചു. 'കണ്ണുകൾ ഒരാളുടെ ആത്മാവിലേക്കുള്ള ജാലകമാണെന്ന് പറയാറുണ്ട്. ഞാൻ അതിൽ വിശ്വസിക്കുന്നു, ഞാൻ എപ്പോഴും പുഞ്ചിരിക്കുന്നു, അതിനാൽ പുഞ്ചിരിക്കുന്ന മുഖമുള്ള ആളുകളിലേക്ക് ഞാൻ ആകർഷിക്കപ്പെടുന്നു. ചുറ്റുമുള്ള ആളുകളെ ബഹുമാനിക്കുന്ന ഒരാളായിരിക്കും എന്റെ പങ്കാളി'- രശ്മിക മനസുതുറന്നു.
അതേസമയം, നടൻ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ ഏറെനാളായി പ്രചരിക്കുന്നുണ്ട്. താൻ പ്രണയത്തിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ട സ്ഥിരീകരിച്ചിരുന്നു. 'എനിക്ക് 35 വയസായി, ഞാനിപ്പോഴും സിങ്കിൾ ആണെന്നാണോ നിങ്ങൾ കരുതുന്നത്? എന്നായിരുന്നു വിജയ്‌യുടെ ചോദ്യം.
'ഞാൻ സാധാരണ ഡേറ്റിംഗ് ചെയ്യാറില്ല. ശക്തമായ ഒരു സൗഹൃദം ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഡേറ്റിംഗ് ചെയ്യാറുള്ളൂ. ആരുടെയും കരിയറിന് വിലങ്ങുതടിയായി വിവാഹം മാറാൻ പാടില്ല. മിക്കപ്പോഴും സ്‌ത്രീകൾക്കാണ് വിവാഹം ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിങ്ങളുടെ പ്രൊഫഷനെയും ഇത് സ്വാധീനിക്കും'- എന്നും നടൻ വ്യക്തമാക്കിയിരുന്നു