'ശ്രീദേവിയും മോനയും അടുത്ത സുഹൃത്തുക്കളായിരുന്നു, അന്ന് ആരുടെ ഭാഗം നിൽക്കണം എന്നറിയാതെ സമ്മർദ്ദത്തിലായി'; രവീണ ടണ്ടൻ പറയുന്നു

  1. Home
  2. Entertainment

'ശ്രീദേവിയും മോനയും അടുത്ത സുഹൃത്തുക്കളായിരുന്നു, അന്ന് ആരുടെ ഭാഗം നിൽക്കണം എന്നറിയാതെ സമ്മർദ്ദത്തിലായി'; രവീണ ടണ്ടൻ പറയുന്നു

sri


ബോളിവുഡിലേയും തെന്നിന്ത്യയിലേയും താരറാണിയായിരുന്നു ശ്രീദേവി. നായകൻമാരെപ്പോലെ പ്രതിഫലം പറ്റുന്ന ശ്രീദേവിയെ സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിശേഷിപ്പിച്ചിരുന്നത്. സിനിമാ രംഗത്തെ മത്സരം കടുത്തതോടെ സൗന്ദര്യം വർധിപ്പിക്കാനായി ലണ്ടനിൽ പോയി പ്ലാസ്റ്റിക് സർജറി വരെ ശ്രീദേവി ചെയ്തു. ബോണി കപൂറുമായുള്ള താരത്തിന്റെ വിവാഹവും ഏറെ കോളിളക്കം സൃഷ്ടിച്ചു. ഭാര്യ മോന കപൂറിനേയും രണ്ട് കുഞ്ഞുങ്ങളേയും സങ്കടപ്പെടുത്തിയാണ് ബോണി കപൂർ ശ്രീദേവിക്കൊപ്പമുള്ള ജീവിതം ആരംഭിച്ചത്.

ഇതിനിടയിലെല്ലാം അകപ്പെട്ടു പോയ മറ്റൊരു നടിയും ബോളിവുഡിലുണ്ട്. രവീണ ടണ്ടൻ. ആരുടെ ഭാഗം നിൽക്കണമെന്ന് നിശ്ചയമില്ലാതെ മാനസിക സമ്മർദ്ദത്തിലായിപ്പോയിരുന്നു രവീണ. കാരണം ശ്രീദേവിയും മോന കപൂറും രവീണയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.

ലാഡ്ല എന്ന സിനിമയിൽ ഒരുമിച്ചു അഭിനയിക്കുമ്പോഴാണ് രവീണയും ശ്രീദേവിയും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. അന്ന് ഇരുവരും വളരെ അടുത്തു. ലൊക്കേഷനിൽ ആദ്യമെത്തുന്ന രവീണ മേക്കപ്പ് ചെയ്തു കഴിഞ്ഞാൽ നേരെ പോകുക ശ്രീദേവിയുടെ വാനിലേക്കാണ്. ശ്രീദേവി ആ സമയത്ത് മേക്കപ്പ് ഇടാൻ തുടങ്ങിട്ടുണ്ടാകുകയുള്ളൂ. അത്രത്തോളം അടുപ്പം ഇരുവരും തമ്മിലുണ്ടായിരുന്നെന്നും ശ്രീദേവി തന്നോട് എല്ലാ രഹസ്യങ്ങളും പങ്കുവെയ്ക്കാറുണ്ടായിരുന്നെന്നും രവീണ പറയുന്നു.

'ശ്രീദേവിയും ബോണിയും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ ഞാൻ ആകെ സമ്മർദ്ദത്തിലായി. കീറിമുറിക്കപ്പെട്ടതു പോലെ തോന്നി. ശ്രീദേവിയേയും മോനയേയും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു. രണ്ട് പേർക്കും വേണ്ടി ഞാൻ നിലനിന്നു. ആളുകൾ ജീവിതത്തിലെ പല സാഹചര്യങ്ങളിലൂടേയും കടന്നുപോകും. ഒരാളെ കുറിച്ച് മറ്റൊരാളോട് കുറ്റം പറയാതെ രണ്ട് പേർക്കൊപ്പവും സുഹൃത്ത് എന്ന രീതിയിൽ നിൽക്കാൻ സാധിക്കും. അതു പോലെയാണ് ഞാൻ ചെയ്തത്. രണ്ടു പേരും ആ പ്രതിസന്ധി ഘട്ടങ്ങളെല്ലാം പിന്നിട്ടു. പക്ഷേ അവർ രണ്ടു പേർക്കും ആയുസ് കുറവായിരുന്നു.' രവീണ പറയുന്നു.

ബോണി കപൂറിന് ആദ്യ ഭാര്യ മോനയിൽ രണ്ടു മക്കളുണ്ട്. ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധം 13 വർഷം നീണ്ടു നിന്നു. അതിൽ രണ്ട് മക്കളുണ്ട്. ബോളിവുഡ് നടൻ അർജുൻ കപൂറും അൻഷുല കപൂറും. അർബുധ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മോന മരിക്കുന്നത്. ഇത് മക്കൾ ഇരുവരേയും വളരേയധികം ബാധിച്ചു. അർജുനും ബോണിയും തമ്മിലുള്ള ബന്ധം വഷളാകാൻ വരെ അത് കാരണമായി. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും രമ്യതയിലെത്തുകയായിരുന്നു. ബോണി കപൂറിനും ശ്രീദേവിക്കും രണ്ട് മക്കളാണുള്ളത്. ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും ഖുഷി കപൂറും.