കുട്ടിച്ചാത്ത'ന്റെയും കൂട്ടരുടെയും റീയൂണിയൻ; വൈറലായി എഐ ചിത്രം
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരിൽ പലരും ഇന്നും ഓർമിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ സംപ്രേഷണം ചെയ്‍തിരുന്ന 'ഹലോ കുട്ടിച്ചാത്തന്‍'. ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളായി മാറിയ ഷൈന്‍ നിഗം, അഭിരാമി സുരേഷ്, നവനീത് മാധവ് അടക്കമുള്ള കുട്ടിപ്പട മിനിസ്‌ക്രീനില്‍ തകര്‍ത്താടിയ 'ഹലോ കുട്ടിച്ചാത്തന്‍', അന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഇഷ്ടം നേടിയെടുത്ത പരമ്പരയായിരുന്നു. 'കടുമണി വീര കുടുകുടു ചാത്ത' എന്ന പരമ്പരയുടെ ടൈറ്റില്‍ സോംഗ് ഇന്നും ആരാധകരുടെ മനസിലുണ്ടാകും.
വർഷങ്ങൾക്കിപ്പുറം കുട്ടിച്ചാത്തനിലെ താരങ്ങളെല്ലാം വീണ്ടും ഒത്തുചേരുന്ന എഐ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഹലോ കുട്ടിച്ചാത്തൻ റീ യൂണിയൻ പാർട്ടിയിൽ താരങ്ങളെല്ലാം ഒത്തുകൂടുന്നതാണ് എഐ ചിത്രങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നത്. പരമ്പരയിൽ പ്രധാനവേഷങ്ങളിലെത്തിയ നടൻ ഷെയ്ൻ നിഗം, ഗായിക അഭിരാമി സുരേഷ്, ഡാൻസർ നവനീത് മാധവ്, നർത്തകിയും നടിയുമായ ശ്രദ്ധ ഗോകുൽ, അഭയ് തമ്പി എന്നിവരെ ചിത്രത്തിൽ കാണാം. ദിൽജിത്ത് ദിവാകർ എന്നയാളാണ് ഈ എഐ ചിത്രത്തിനു പിന്നിൽ. അഭിരാമി സുരേഷും ഗോകുലും അടക്കമുള്ളവർ ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്യുകയും ഷെയർ ചെയ്യുകയ്യും ചെയ്തിട്ടുണ്ട്. പണ്ട് സ്കൂൾ വിട്ടു വന്ന ഉടൻ ടിവിയിൽ ആദ്യം കാണുന്ന പ്രോഗ്രാം കുട്ടിച്ചാത്തൻ ആയിരുന്നു എന്ന് ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.
