'ഗപ്പി'യുടെ പത്താം വാർഷികത്തിൽ റീയൂണിയൻ; ടൊവിനോയും ജോൺപോളും ചേതനും വീണ്ടുമൊന്നിക്കുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ഗപ്പി'യുടെ പത്താം വാർഷിക വേളയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചേതൻ ജയലാലും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ സൂചനകൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിലായിരിക്കും ചിത്രം ഒരുങ്ങുന്നത്.
തേജസ് വർക്കി എന്ന കഥാപാത്രത്തിലൂടെ ടൊവിനോയുടെ കരിയറിൽ വഴിത്തിരിവായ ചിത്രമായിരുന്നു ജോൺപോൾ ജോർജിന്റെ നവാഗത സംരംഭമായ 'ഗപ്പി'. തുടർന്ന് 'മിന്നൽ മുരളി', '2018', 'എ.ആർ.എം' തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ പാൻ-ഇന്ത്യൻ തലത്തിലേക്ക് വളർന്നു. മറുവശത്ത് 'അമ്പിളി' എന്ന ചിത്രം സംവിധാനം ചെയ്ത ജോൺപോൾ, 'രോമാഞ്ചം' ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായും തിളങ്ങി. വലിയൊരു ദൃശ്യവിരുന്നായിരിക്കും പുതിയ ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
