'റിവോൾവർ റിങ്കോ' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഏപ്രിലിൽ റിലീസിനെത്തും
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി കിരൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തികച്ചും രസകരമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. റിങ്കോയുടെ ടീഷർട്ട് പിടിച്ചുനിൽക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സൂപ്പർ നാച്ചുറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന കുട്ടികളുടെയും അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന പ്രിയേഷ് എന്ന യുവാവിന്റെയും കഥയാണ് ചിത്രം പറയുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണൻ പ്രിയേഷായി എത്തുമ്പോൾ ശ്രീപത് യാൻ, ധ്യാൻ നിരഞ്ജൻ, ആദിശേഷ്, വിസാദ്, ആവണി എന്നീ ബാലതാരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ലാലു അലക്സ്, സഞ്ജു ശിവറാം, സാജു നവോദയ, മറീന മൈക്കിൾ, അഞ്ജലി നായർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രഞ്ജിൻ രാജാണ് സംഗീതം. കൈതപ്രത്തിന്റേതാണ് വരികൾ. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കോഴിക്കോട്, കുന്ദമംഗലം, മുക്കം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും.
