ഛത്രപതി ശിവാജി മഹാരാജായി റിതേഷ് ദേശ്മുഖ്; ബ്രഹ്മാണ്ഡ ചിത്രം 'രാജ ശിവാജി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
മറാത്താ വീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി ദിനത്തിൽ, ആരാധകർ കാത്തിരുന്ന 'രാജ ശിവാജി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും സംയുക്തമായി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ബോളിവുഡ് താരം റിതേഷ് ദേശ്മുഖാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ശിവാജി മഹാരാജാവിന്റെ വേഷം അവതരിപ്പിക്കുന്നതും റിതേഷ് തന്നെയാണ്.
കൈയിൽ വാൾ ഏന്തി, ദൃഢനിശ്ചയത്തോടെയുള്ള റിതേഷിന്റെ ശിവാജി ലുക്ക് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. വെറുമൊരു രാജാവിന്റെ കഥ എന്നതിലുപരി, ശക്തരായ ശത്രുക്കൾക്കെതിരെ പോരാടി 'സ്വരാജ്യം' കെട്ടിപ്പടുക്കാൻ പ്രതിജ്ഞയെടുത്ത ഒരു മകന്റെ വികാരനിർഭരമായ യാത്രയാണ് ഈ ചിത്രം പകരുന്നത്. ഒരു പാൻ-ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന 'രാജ ശിവാജി'യുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പ്രശസ്ത മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനാണ്. അജയ്-അതുൽ സഖ്യമാണ് സംഗീതം പകരുന്നത്.
ഹിന്ദി, മറാത്തി ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രം ഭാഷാതിരുകൾ ഭേദിച്ച് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. ജ്യോതി ദേശ്പാണ്ഡെയും ജനീലിയ ദേശ്മുഖും ചേർന്ന് നിർമ്മിക്കുന്ന ഈ ഇതിഹാസ ചിത്രം 2026 മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഉജ്ജ്വല അധ്യായമായ ശിവാജിയുടെ ജീവിതം വലിയൊരു സിനിമാനുഭവമാക്കാനാണ് റിതേഷും സംഘവും ലക്ഷ്യമിടുന്നത്.
