എല്ലാ സൗകര്യവും ഉണ്ടായിരുന്നു, പക്ഷെ ഉപയോഗിക്കാനാവില്ല; 'പൊന്നിയിൻ സെൽവൻ' അനുഭവങ്ങൾ പങ്കുവെച്ച് റിയാസ് ഖാൻ

  1. Home
  2. Entertainment

എല്ലാ സൗകര്യവും ഉണ്ടായിരുന്നു, പക്ഷെ ഉപയോഗിക്കാനാവില്ല; 'പൊന്നിയിൻ സെൽവൻ' അനുഭവങ്ങൾ പങ്കുവെച്ച് റിയാസ് ഖാൻ

RIYAZ KAHAN


സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൊന്നിയിൻ സെൽവൻ. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയിൽ റിയാസ് ഖാനും സിനിമയിൽ ഒരുവേഷം ചെയ്യുന്നുണ്ട്. സോമൻ സംബവൻ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ. ഇനി ഒരിക്കലും സംഭവിക്കാത്തത്രയും മനോഹരമായതും അമ്പരിപ്പിക്കുന്നതുമായ അനുഭവമായിരുന്നു പൊന്നിയിൻ സെൽവനിൽ അഭിനയിച്ചതെന്ന് റിയാസ് ഖാൻ പറയുന്നു. സെറ്റിലെ രസകരമായ സംഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

'ഞങ്ങൾക്ക് എല്ലാം സൗകര്യവും ഉണ്ട്. എന്ത് സൗകര്യമാണ് ഇല്ലാത്തതെന്ന് ചോദിക്കണം. നമ്മൾ വിചാരിക്കുന്നതിന് അപ്പുറത്ത് എല്ലാം സൗകര്യവും ഉണ്ട്. പക്ഷെ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. എല്ലാവർക്കും ഓരോ വണ്ടിയുണ്ട്'

'അതിന് പ്രോട്ടോകോളുമുണ്ട്. വണ്ടി കണ്ടു പിടിക്കുന്നതിന് തന്നെ കുറേ നേരമാവും. സാധാരണമായി എല്ലാ സെറ്റിലും ഭക്ഷണം ബൊഫെ ആയി നൽകും. അല്ലെങ്കിൽ നമ്മൾക്ക് കൊണ്ടുതരും. ഇവിടെ എല്ലാ ഭക്ഷണവും ഉണ്ട്. നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ് എല്ലാം. നമ്മൾ പറയുന്നതിനുസരിച്ച് കുക്ക് ചെയ്ത് തരും'

'പക്ഷെ ഭക്ഷണം കഴിക്കാൻ കുറേദൂരം പോവണം. ഭക്ഷണം കഴിച്ച് തിരിച്ച് ഇത്രയും ദൂരം വരണം. അതിനാൽ ആരും പോവില്ല. വെള്ളമുണ്ടെങ്കിൽ താ എന്ന് പറയും. കാരവാനും ദൂരെയായിരിക്കും അതും വേണ്ടെന്ന് പറയും. അതിനാൽ ലൊക്കേഷനടുത്ത് എല്ലാവരും ചുറ്റും കൂടിയിരിക്കും. ഓരോരുത്തരുടെ ഷൂട്ട് കഴിഞ്ഞ് അവിടെ വന്നിരിക്കും. വളരെ സൈലന്റായി തമാശ പറയും. യഥാർത്ഥത്തിൽ സാറിന് അതെല്ലാം ഇഷ്ടമാണ്. പക്ഷെ നമ്മളെക്കൊണ്ട് ഫോക്കസ് മാറാൻ പാടില്ല'

'സെറ്റിൽ ആരും താരങ്ങളുടെ പേര് ആയിരുന്നില്ല വിളിച്ചിരുന്നത്. കഥാപാത്രങ്ങളുടെ പേര് ആയിരുന്നു. കാരവാനിലും കഥാപാത്രങ്ങളുടെ പേര് ആണ് എഴുതിയത്. കഠിനമായ അധ്വാനത്തിലൂടെയാണ് മണിരത്‌നം ഈ സിനിമ ഒരുക്കിയത്. മറ്റൊരു സംവിധായകരുടെ സഹായവും ഇല്ല. അദ്ദേഹത്തിന്റെ സിംഗിൾ മാൻ ഷോയാണ്. എല്ലാം അദ്ദേഹമാണ് ചെയ്യുക. എല്ലായിടത്തും അദ്ദേഹം തന്നെയാണുണ്ടാവുക'

'സിനിമ പ്ലാൻ പ്രകാരം നടന്നില്ലെങ്കിൽ ബുദ്ധിമുട്ടാവും. അതിനാൽ എല്ലാവരും രാവിലെ മൂന്ന് മണിക്ക് എഴുന്നേൽക്കണം. രാവിലെ 6 നും 6.30 മണിക്കും ഉള്ളിൽ ആദ്യ ഷോട്ട് എടുത്തിരിക്കണം. അങ്ങനെ നടന്നാലെ ഇത് സാധ്യമാവൂ. മൂന്ന് മണിക്ക് എഴുന്നേറ്റാലേ നാല് മണിക്ക് മേക്ക് അപ്പ് തുടങ്ങാൻ പറ്റൂ. നാല് മണിക്ക് മേക്കപ്പ് ചെയ്താലേ അഞ്ച് മണിക്ക് ബ്രേക്ക് ഫാസ്റ്റ് എത്തുള്ളൂ. അത് കഴിഞ്ഞാലേ ആറ് മണിക്ക് ആദ്യ ഷോട്ട് എടുക്കാൻ പറ്റൂ'

'വലിയ ഒരു റൂമാണ്. അതിൽ മുഴുവൻ മേക്ക് അപ്പ് സ്റ്റുഡിയോ സെറ്റ് ചെയ്തു. മുഴുവൻ കണ്ണാടി. 60 ഓളം മേക്കപ്പ് മാൻ ഉണ്ടാവും. എല്ലാവർക്കും പ്രത്യേക കസേര ഉണ്ടാവും. ഇനി ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല. എല്ലാ നടൻമാരും ഒരുമിച്ച് കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്നത് ആലോചിച്ച് നോക്കൂ. ഹായ് തൃഷ എന്നൊക്കെ പറഞ്ഞ്. എല്ലാവരും ഒന്നായിരുന്നു. വൈകുന്നേരം 5.30 ക്കുള്ളിൽ ഷൂട്ടിംഗ് കഴിയും,' റിയാസ് ഖാൻ പറഞ്ഞു.