രണ്ടാഴ്ച കൊണ്ട് 1501 കോടി; ജൈത്രയാത്ര തുടർന്ന് 'ധുരന്ധർ 2'

  1. Home
  2. Entertainment

രണ്ടാഴ്ച കൊണ്ട് 1501 കോടി; ജൈത്രയാത്ര തുടർന്ന് 'ധുരന്ധർ 2'

dhurandhar


ആദിത്യ ധർ-രൺവീർ സിങ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ "ധുരന്ധർ ദ റിവഞ്ച്" ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 1501 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. ഇതോടെ ഇന്ത്യൻ സിനിമയിലെ ആഗോള മാനദണ്ഡങ്ങൾ തിരുത്തിക്കുറിക്കുന്ന ബ്രഹ്മാണ്ഡ ഹിറ്റായി ചിത്രം മാറിയിരിക്കുകയാണ്. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രൺവീർ സിങ്ങിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്.

ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് കളക്ഷൻ നേടുന്ന ആദ്യ ചിത്രം എന്ന അപൂർവ്വ നേട്ടത്തിന് തൊട്ടരികിലാണ് ധുരന്ധർ 2. നിലവിൽ രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്ന് 961 കോടി രൂപയാണ് ചിത്രം നേടിയത്. മൂന്നാം വാരാന്ത്യം പൂർത്തിയാകുമ്പോഴേക്കും ഈ ചരിത്ര നേട്ടം ചിത്രം കൈവരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഓവർസീസ് മാർക്കറ്റിൽ നിന്ന് മാത്രം രണ്ടാഴ്ച കൊണ്ട് 367 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രം എന്ന റെക്കോർഡും ഇപ്പോൾ ധുരന്ധർ 2-വിനാണ്.

എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് ഡേ കളക്ഷൻ, ഏറ്റവും ഉയർന്ന ആദ്യ ആഴ്ച കളക്ഷൻ, വേഗത്തിൽ 1000 കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ ചിത്രം എന്നിങ്ങനെ നീളുന്നു ധുരന്ധർ സ്ഥാപിച്ച റെക്കോർഡുകൾ. വെറും പത്ത് ദിവസത്തിനുള്ളിൽ തന്നെ ധുരന്ധർ ഒന്നാം ഭാഗത്തിന്റെ വിദേശ കളക്ഷൻ ഈ രണ്ടാം ഭാഗം മറികടന്നു എന്നതും ശ്രദ്ധേയമാണ്. രണ്ടാം ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളിലും (തിങ്കൾ - വ്യാഴം) വലിയ ഇടിവില്ലാതെ കളക്ഷൻ നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞു. വരും ദിവസങ്ങളിൽ ചിത്രം ഇനിയും പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.