'ഗർഭിണിയായ ഭാര്യക്ക് ബ്ലീഡിംഗെന്ന് പറഞ്ഞു; പിന്നെ കണ്ടത് ബാറിലിരുന്ന് മദ്യപിക്കുന്ന സായ്കുമാറിനെ'; സംവിധായകൻ പറഞ്ഞത്

  1. Home
  2. Entertainment

'ഗർഭിണിയായ ഭാര്യക്ക് ബ്ലീഡിംഗെന്ന് പറഞ്ഞു; പിന്നെ കണ്ടത് ബാറിലിരുന്ന് മദ്യപിക്കുന്ന സായ്കുമാറിനെ'; സംവിധായകൻ പറഞ്ഞത്

SAI


മലയാളികൾക്ക് സുപരിചിതനായ നടനാണ് സായ്കുമാർ. മോഹൻലാൽ, മമ്മൂട്ടി സിനിമകളിൽ ഇവർക്കൊപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായി നിരവധി സിനിമകളിൽ സായ്കുമാർ തിളങ്ങി. സിനിമയിൽ പഴയത് പോലെ സജീവമല്ല സായ്കുമാർ ഇപ്പോൾ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ലൂസിഫർ എന്ന സിനിമയിലാണ് സായ്കുമാറിനെ ശ്രദ്ധേയ വേഷത്തിൽ കണ്ടത്. സിനിമകളിൽ എന്ത് കൊണ്ടാണ് നടനെ പഴയത് പോലെ കാണാത്തതെന്ന് സംബന്ധിച്ച് പലപ്പോഴും അഭ്യൂഹങ്ങൾ വന്നിരുന്നു.

മുമ്പൊരിക്കൽ സായ്കുമാറിനെക്കുറിച്ച് സിനിമാ-സീരിയൽ സംവിധായകൻ കലാധരൻ സംസാരിച്ചിരുന്നു. സായ് കുമാറിൽ നിന്നുണ്ടായ തന്നെ വിഷമിപ്പിച്ച അനുഭവത്തെക്കുറിച്ചാണ് അന്ന് കലാധരൻ സംസാരിച്ചത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സായ് കുമാറിനെ വെച്ച് അപൂർവം ചിലർ എന്ന സിനിമ ഇദ്ദേഹം ചെയ്തിരുന്നു. 'സായ്കുമാർ അന്നൊന്നും ആയിട്ടില്ല. തുടക്ക സമയമാണ്. ഒരു സീനെടുത്ത് കൊണ്ടിരിക്കുമ്പോൾ എന്നോട് പറഞ്ഞു, ചേട്ടാ എന്റെ ഭാര്യ ഗർഭിണിയാണ്, ബ്ലീഡിംഗ് വന്നു പെട്ടെന്ന് കൊല്ലത്ത് പോവണമെന്ന് പറഞ്ഞു'

'അന്ന് ഉച്ചവരെ നിന്നാൽ സായിയുടെ ഭാഗം തീരും. ഉച്ച വരെ നിൽക്കാൻ പറ്റുമെങ്കിൽ തീർക്കാം എന്ന് പറഞ്ഞു. അല്ല ചേട്ടാ, എനിക്ക് പോയേ പറ്റുള്ളൂ, വീട്ടിൽ നിന്ന് വിളിച്ച് പറഞ്ഞു സീരിയസാണെന്ന് പറഞ്ഞപ്പോൾ സായിയെ വിട്ടു. രണ്ട് മണിക്ക് ഹോട്ടലിൽ വരുമ്പോൾ ഇവൻ ബാറിൽ മദ്യപിച്ച് കൊണ്ടിരിക്കുന്നു. എത്ര വിഷമം തോന്നുമെന്ന് ആലോചിക്കണം'

'രണ്ട് മണി വരെ സെറ്റിൽ നിന്നിരുന്നെങ്കിൽ വർക്ക് തീർന്നേനെ. തൊഴിലിനേക്കാൾ കൂടുതൽ പ്രാധാന്യം മറ്റെന്തെങ്കിലിനും നൽകുമ്പോൾ ചിലപ്പോൾ അങ്ങനെ സംഭവിക്കാം, കള്ളം പറയേണ്ട കാര്യമില്ല,' കലാധരൻ പറഞ്ഞു.

നേരത്തെ മദ്യപാനം മൂലമാണ് സായ്കുമാർ സിനിമകളിൽ നിന്ന് പുറത്തായതെന്ന് സംസാരമുണ്ടായിരുന്നു. എന്നാൽ താൻ മദ്യപാനി അല്ലെന്നാണ് സായ് കുമാർ മുമ്പൊരിക്കൽ പറഞ്ഞത്. ജീവിതത്തിലും കരിയറിലും ചെയ്യാത്ത കാര്യങ്ങൾക്കാണ് പഴി കേട്ടത്. 18 വർഷമായി മദ്യപാനം നിർത്തിയിട്ട് വല്ലപ്പോഴും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ബിയർ കഴിക്കും. അതിനപ്പുറമില്ല. എന്നാൽ പലരുടെയും ധാരണ താൻ കടുത്ത മദ്യപാനി ആണെന്ന് ഒരഭിമുഖത്തിൽ സായ് കുമാർ പറഞ്ഞിരുന്നു.

അന്തരിച്ച നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനാണ് സായ്കുമാർ. കടുത്ത മദ്യപാനിയായാണ് കൊട്ടരക്കാര സിനിമാ ലോകത്ത് അറിയപ്പെട്ടത്. സമാനമായി സായ്കുമാറിനും ഇത്തരം ആരോപണങ്ങൾ കേൾക്കേണ്ടി വന്നു. നടി ബിന്ദു പണിക്കറോടൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് സായ്കുമാർ. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് സായ്കുമാർ കടന്ന് വരുന്നത്. സിനിമ സൂപ്പർ ഹിറ്റായി.