'രാമായണ'ത്തിൽ സീതയാവാൻ ചിന്തയിൽപ്പോലും ശുദ്ധി നിലനിർത്തി: സായ് പല്ലവി
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രം 'രാമായണ'ത്തിൽ സീതാദേവിയുടെ കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കരുതുന്നുവെന്ന് നടി സായ് പല്ലവി. കഥാപാത്ര പൂർണ്ണതയ്ക്കായി തന്റെ ചിന്തകളിൽപ്പോലും വിശുദ്ധി സൂക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി. ഡൽഹിയിൽ സംഘടിപ്പിച്ച പ്രഥം സങ്കൽപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
അഭിനേതാക്കൾക്ക് സാധാരണയായി ലഭിക്കാത്ത അപൂർവ്വ അവസരമാണിതെന്നും ദൈവികമായ കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കുക എളുപ്പമല്ലെന്നും സായ് പല്ലവി അഭിപ്രായപ്പെട്ടു. ഹൃദയവും ആത്മാവും നൽകി മികച്ച സംഭാവന നൽകാൻ സന്നദ്ധമായ ഒരു ടീം ഒപ്പമുള്ളതുകൊണ്ടാണ് ഇത് സാധ്യമായത്. സീതാദേവിയാകാൻ താൻ തിരഞ്ഞെടുക്കപ്പെടുകയല്ല, മറിച്ച് അനുഗ്രഹിക്കപ്പെടുകയായിരുന്നു. പിന്നാലെ പോയി നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ആ വേഷം. ധ്യാനത്തിലിരുന്ന് 'സീതാദേവീ, എന്നിലൂടെ അഭിനയിക്കൂ' എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നും, തന്നിലൂടെ വരുന്നതാണ് സിനിമയ്ക്കായി ദേവി ആഗ്രഹിക്കുന്നത് എന്ന് വിശ്വസിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
രണ്ട് ഭാഗങ്ങളായാണ് 'രാമായണം' ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും കന്നഡ സൂപ്പർ താരം യാഷ് രാവണനായും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെ, ഹനുമാനായി സണ്ണി ഡിയോൾ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ്, കൈകേയിയായി ലാറ ദത്ത, മണ്ഡോദരിയായി കാജൽ അഗർവാൾ എന്നിവരും പ്രമുഖ വേഷങ്ങളിലെത്തുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡി.എൻ.ഇ.ജി (DNEG), യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
