സജിൻ ഗോപു-നിഖില വിമൽ ചിത്രം 'ധൂമകേതു' സെപ്റ്റംബർ 11-ന് തിയേറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് വീഡിയോ പുറത്ത്
'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻ ഹൗസും കൈകോർക്കുന്ന 'ധൂമകേതു'വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സജിൻ ഗോപുവും നിഖില വിമലും മുഖംമൂടി ധാരികളും അണിനിരക്കുന്ന വ്യത്യസ്തമായ വീഡിയോയിലൂടെയാണ് ചിത്രം സെപ്റ്റംബർ 11-ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സജിൻ ഗോപു, നിഖില വിമൽ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അണ്ടർവാട്ടർ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സോണിയും മനുവുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിന്റോ ജോർജ് ഛായാഗ്രഹണവും അങ്കിത് മേനോൻ സംഗീതവും നിർവഹിക്കുന്നു. വിവേക് ഹർഷനാണ് എഡിറ്റിങ്. ഭാവന റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
