'വഴക്ക്' സിനിമ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ

  1. Home
  2. Entertainment

'വഴക്ക്' സിനിമ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ

sanalkumar-sasidharan


ടൊവിനോ തോമസ് നായകനായ 'വഴക്ക്' എന്ന സിനിമയുടെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടൻ ടൊവിനോയുമായി പ്രശ്‌നങ്ങൾ നടക്കുന്നതിനിടയിലാണ് സംവിധായകന്റെ നീക്കം.

'പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം', വീഡിയോ ലിങ്ക് പങ്കുവെച്ചുകൊണ്ട് സനൽകുമാർ ശശിധരൻ കുറിച്ചു. സനലിന്റെ തന്നെ വിമിയോ അക്കൗണ്ടിൽ രണ്ട് വർഷം മുമ്പ് അപ്ലോഡ് ചെയ്ത ലിങ്ക് ആണ് അദ്ദേഹമിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമയുമായി ബന്ധപ്പെട്ട് സനൽകുമാർ ശശിധരനും ടൊവിനോയും തമ്മിൽ പ്രശ്‌നങ്ങൾ നടക്കുകയാണ്. സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യാൻ നിർമാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകനായ സനൽകുമാറിന്റെ പരാതി. ടൊവിനോയുടെ പരാജയ ഭീതിയാണ് ഇതിന് പിന്നിലെന്നും സനൽകുമാർ പറഞ്ഞു. ടൊവിനോയ്ക്ക് എതിരെ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

സനൽകുമാറിന്റെ വാദങ്ങൾക്കെതിരെ വൈകാതെ പ്രതികരണവുമായി ടൊവിനോയും എത്തി. ചിത്രം ഒടിടിയിൽ എത്താത്തതിന് പിന്നിൽ സനൽകുമാറാണെന്നും ടൊവിനോ പറഞ്ഞു. വഴക്ക് വളരെ നല്ല ചിത്രമാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ലെന്നും ടൊവിനോ ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞിരുന്നു. ഒടിടി റിലീസിനായി ശ്രമിച്ചുവെങ്കിലും സനൽകുമാർ ഒടിടി പോളിസി അംഗീകരിച്ചില്ലെന്നും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈൽ തടസമായി എന്നും ടൊവിനോ കൂട്ടിച്ചേർത്തു.

2022-ൽ നിർമാണം പൂർത്തിയായ സിനിമയാണ് 'വഴക്ക്'. കനി കുസൃതിയായിരുന്നു നായിക. ടൊവിനോയ്ക്ക് ഒപ്പം സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.