സംഗീത് പ്രതാപും അന്നാ ബെന്നും പ്രധാന വേഷത്തിൽ; പനോരമ സ്റ്റുഡിയോസിന്റെ പുതിയ മിസ്റ്ററി ത്രില്ലറിന് തുടക്കം
പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് കൊച്ചിയിൽ നടന്ന പൂജാ ചടങ്ങുകളോടെ തുടക്കമായി. സംഗീത് പ്രതാപും അന്നാ ബെന്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വിവേക് ആണ് സംവിധാനം ചെയ്യുന്നത്. 'അതിരൻ', 'ദി ടീച്ചർ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം വിവേക് ഒരുക്കുന്ന ഈ മിസ്റ്ററി ത്രില്ലർ ചിത്രം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ 'പെണ്ണും പൊറോട്ടും' എന്ന ചിത്രത്തിന്റെ രചയിതാവായ രവിശങ്കർ ആണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചെറിൻ പോൾ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റാണ് ഒരുക്കുന്നത്. പ്രമുഖ കലാസംവിധായകൻ എം. ബാവയുടെ കരിയറിലെ 120-ാമത്തെ ഫീച്ചർ ഫിലിം കൂടിയാണിത്. 'ഭ്രമയുഗ'ത്തിലൂടെ ശ്രദ്ധേയനായ മെൽവിൻ ജോയിയാണ് വസ്ത്രാലങ്കാരം.
ഇരു താരങ്ങളുടെയും കരിയറിലെ ഏറ്റവും വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളാകും ഈ ചിത്രത്തിലേതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. റാം മിർചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ ആരംഭിക്കും. സിനിമയുടെ പേരും മറ്റ് വിവരങ്ങളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പി.ആർ.ഒ: പ്രതീഷ് ശേഖർ.
