കൂടെ അഭിനയിച്ച എല്ലാവർക്കും കിട്ടിയിട്ടും എനിക്ക് മാത്രമില്ല; ആ സിനിമയ്ക്ക് ശേഷം വിഷാദത്തിലായി; സാനിയ

  1. Home
  2. Entertainment

കൂടെ അഭിനയിച്ച എല്ലാവർക്കും കിട്ടിയിട്ടും എനിക്ക് മാത്രമില്ല; ആ സിനിമയ്ക്ക് ശേഷം വിഷാദത്തിലായി; സാനിയ

SANIYA IYYAPAN


ക്വീൻ സിനിമയിലെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പൻ. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ നടിയ്ക്ക് പരിഹാസങ്ങളാണ് നേരിടേണ്ടി വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായിട്ടുള്ള തനിക്ക് അതൊന്നും അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്ന് സാനിയ പറഞ്ഞിട്ടുണ്ട്.

ആദ്യ സിനിമയ്ക്ക് പിന്നാലെ താൻ ഡിപ്രഷന്റെ അവസ്ഥയിലേക്ക് വരെ എത്തിയെന്നാണ് മുൻപൊരു അഭിമുഖത്തിൽ നടി പറഞ്ഞത്. കൂടെയുള്ളവർക്കെല്ലാം സിനിമ കിട്ടിയിട്ടും തനിക്ക് മാത്രം കിട്ടാതായി പോകുന്നതിന്റെ വേദനയും തനിക്കുണ്ടായിരുന്നുവെന്നും സാനിയ വ്യക്തമാക്കി. 

'ഞാൻ വളരെ സാധാരണക്കാരിയാണ്. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുമാണ് വരുന്നതും. അങ്ങനൊരു കുടുംബത്തിൽ നിന്നും വരുന്ന എന്നെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്നതൊന്നും തീർച്ചയായും അംഗീകരിക്കാൻ പറ്റിയെന്ന് വരില്ല. തുടക്കത്തിൽ ഇതൊന്നും എനിക്കും സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. വീട്ടിൽ ഞാൻ കരച്ചിലും പിഴിച്ചലുമൊക്കെ ആയിരുന്നു. വർക്ക് ചെയ്യുന്നില്ലെന്ന് വരെ തീരുമാനിച്ചിരുന്നു'.

'ആദ്യം അഭിനയിച്ച ക്വീൻ എന്ന സിനിമയ്ക്ക് ശേഷം എനിക്ക് കാര്യമായ അവസരങ്ങളൊന്നും വന്നിരുന്നില്ല. കൂടെ അഭിനയിച്ചവർക്കൊക്കെ വേറെ സിനിമകളൊക്കെ കിട്ടിയെങ്കിലും എനിക്ക് മാത്രം എവിടെ നിന്നും ഓഫർ വന്നില്ല. ആ സിനിമയിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചത് ഞാനാണ്.

എന്നിട്ടും ആളുകൾ എന്നെ ഉൾകൊണ്ടില്ലല്ലോ എന്നോർത്ത് എനിക്ക് വിഷാദം വന്നു. എന്റെ ലുക്ക് കാരണമാണോ, മുടി ഷോർട്ട് ആയത് കൊണ്ടോ ഇനി ആ കഥാപാത്രം മോശമായത് കൊണ്ടാണോ? എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല'.

'ഇന്നും ആളുകൾ എന്തൊക്കെ പറഞ്ഞാലും ഞാനത് സമ്മതിച്ച് കൊടുക്കില്ല. കാരണം ചിന്നു എന്ന് പറയുന്ന കഥാപാത്രം അങ്ങനെയാണ്. എന്റെ സംവിധായകൻ എന്ത് പറഞ്ഞു അത് ഞാൻ ചെയ്തു. അന്നെനിക്ക് ചിന്തിക്കാൻ സാധിച്ചില്ല. പക്ഷേ ഇപ്പോഴെനിക്ക് അതിന് സാധിക്കുന്നുണ്ട്.

അക്കാലത്ത് ചില ആളുകൾ ട്രോളുകളുണ്ടാക്കിയത് കൊണ്ടും പരിഹസിച്ചത് കൊണ്ടും ഇപ്പോൾ അതൊന്നും എന്നെ ബാധിക്കുന്നില്ല. എനിക്കത് നേരിടാൻ സാധിക്കുന്നുണ്ട്. ഇതെല്ലാം എന്നെ കൂടുതൽ ശക്തയാക്കിയെന്നേ പറയുകയുള്ളു.

വീട്ടുകാരും കൂട്ടുകാരുമൊക്കെ എനിക്ക് വലിയ പിന്തുണ തന്നു. ഇപ്പോൾ അത്തരം ട്രോളുകളൊന്നും എന്നെ ബാധിക്കുകയോ ഞാനതിനെ തിരിഞ്ഞ് നോക്കുകയോ ചെയ്യാറില്ല'.

അതേ സമയം താൻ കുറച്ച് നാണക്കാരിയാണെന്നാണ് അഭിമുഖത്തിൽ സാനിയ പറഞ്ഞത്. 'വലിയ താരങ്ങളെ ഒക്കെ കാണുമ്പോൾ അവരോടൊക്കെ പോയി മിണ്ടാൻ തനിക്ക് വല്ലാത്ത മടിയാണെന്നാണ് സാനിയ പറയുന്നത്. അവരെ കണ്ടാലും കാണാത്തത് പോലെ നിൽക്കുകയാണ് ഞാൻ ചെയ്യാറുള്ളത്. എന്താണ് പോയി സംസാരിക്കുക എന്നറിയാത്തത് കൊണ്ടാണ്. പക്ഷേ അത് വളരെ മോശം സ്വഭാവമാണെന്ന് അമ്മ എപ്പോഴും പറയുമെന്നും, സാനിയ കൂട്ടിച്ചേർത്തു.