'അന്ന് കരമന ജനാർദ്ദനന്റെ ഭാര്യയാകാൻ പാർവതിക്ക് മടിയുണ്ടായിരുന്നില്ല, ആ പെൺകുട്ടി പോയതിൽ സന്തോഷിക്കുന്നു'; സത്യൻ അന്തിക്കാട്

  1. Home
  2. Entertainment

'അന്ന് കരമന ജനാർദ്ദനന്റെ ഭാര്യയാകാൻ പാർവതിക്ക് മടിയുണ്ടായിരുന്നില്ല, ആ പെൺകുട്ടി പോയതിൽ സന്തോഷിക്കുന്നു'; സത്യൻ അന്തിക്കാട്

sathyan


രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ശ്രീനിവാസനെ നായകനാക്കി സന്ത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് പൊന്മുട്ടയിടുന്ന താറാവ്. ഉർവശി, ഇന്നസെന്റ്, കെപിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജയറാം തുടങ്ങി പ്രതിഭകൾ ഒരുപാട് പൊന്മുട്ടയിടുന്ന താറാവിന്റെ ഭാഗമായിരുന്നു.

നർമ്മം, പ്രണയം, സ്റ്റണ്ട് തുടങ്ങി എല്ലാ ചേരുവകളും സമം ചേർത്താണ് പൊന്മുട്ടയിടുന്ന താറാവ് സത്യൻ അന്തിക്കാട് ഒരുക്കിയത്. സിനിമ കാണുന്നവർക്ക് എന്നും വിസ്മയമാണ് ചിത്രത്തിലെ പാർവതിയുടെ ഗസ്റ്റ് റോൾ. ആരും ചെയ്യാൻ മടിക്കുന്ന കഥാപാത്രത്തെ പാർവതി പക്ഷെ തന്മയത്വത്തോടെ അവതരിപ്പിച്ചു.

കരമന ജനാർദ്ദനന്റെ ഭാര്യ വേഷം പലരും നിരസിച്ചപ്പോഴാണ് പാർവതി മടി കൂടാതെ വന്ന് ഹാജിയാരുടെ ബീവിയായി തകർത്തതെന്ന് പറയുകയാണിപ്പോൾ സംവിധായകൻ സത്യൻ അന്തിക്കാട്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പൊന്മുട്ടയിടുന്ന താറാവ് സിനിമയുടെ അറിയാക്കഥകൾ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയത്.

അന്നും ഇന്നും ഇമേജ് ഭയമുള്ള നായികമാർ വയസായ താരങ്ങളുടെ ജോഡിയായി അഭിനയിക്കാൻ മടികാണിക്കാറുണ്ട്. എന്നാൽ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി ഇമേജ് നോക്കേണ്ടതില്ലെന്ന് പൊന്മുട്ടയിടുന്ന താറാവിലൂടെ പാർവതി പറഞ്ഞ് വെക്കുന്നു.

'കൽമേയി എന്ന റോൾ നേരത്തെ തന്നെ തിരക്കഥയിൽ ഉണ്ടായിരുന്നതാണ്. അല്ലാതെ പെടുന്നനെ എഴുതി ചേർത്തതൊന്നുമല്ല. പക്ഷെ പാർവതിയെയായിരുന്നില്ല തെരഞ്ഞെടുത്തിരുന്നത്. അതിസുന്ദരിയായ ഒരു പെൺകുട്ടിയാണ് ഹാജിയാരുടെ ഭാര്യയെന്ന് ഗ്രാമം മുഴുവൻ കാണുന്നതായിരുന്നു പൊന്മുട്ടയിടുന്ന താറാവിന്റെ ക്ലൈമാക്‌സ്. അങ്ങനെ ഞങ്ങൾ സുന്ദരിയായ ഒരു പെൺകുട്ടിയെ അന്വേഷിച്ച് നടന്നു.'

'അങ്ങനെ അവസാനം വയനാട്ടിൽ നിന്നും ഒരു കുട്ടി ആ കഥാപാത്രം ചെയ്യാൻ തയ്യാറായി വന്നു. കാണാനൊന്നും കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ സിനിമയിൽ ഒരു സീനെയുള്ളുവെന്നതായിരുന്നു ആ പെൺകുട്ടിയുടെ പരാതി. അതുപോലെ തന്നെ കരമന ജനാർദ്ദനന്റെ അതായത് വയസായ ഒരാളുടെ ഭാര്യ റോൾ എന്നതും ആ പെൺകുട്ടി കൽമേയി ആയി അഭിനയിക്കാൻ മടിക്കാൻ കാരണമായി.'

'മാത്രമല്ല അന്ന് മോശം സിനിമകൾ എടുത്തിരുന്ന ഒരു സംവിധായകന്റെ സിനിമയിൽ നായികയായി ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ഈ ഗസ്റ്റ് റോൾ ചെയ്യുന്നില്ലെന്നും ആ പെൺകുട്ടി പറഞ്ഞു. ബുദ്ധിയുള്ള ആളുകളായിരുന്നുവെങ്കിൽ പാർവതി ചെയ്ത കഥാപാത്രം സെലക്ട് ചെയ്യുമായിരുന്നു. ഗുരുവായൂരായിരുന്നു ഷൂട്ട്.'

'ആ സമയത്ത് വേറെ ഏതോ പടത്തിൽ അഭിനയിക്കാൻ വേണ്ടി പാർവതി വന്നിരുന്നു. പാർവതിയെ എനിക്ക് നേരത്തെ അറിയാം. കുടുംബപുരാണത്തിലൊക്കെ അഭിനയിച്ചിട്ടുള്ളതാണ്. അങ്ങനെ ഞാൻ പാർവതിയെ കോണ്ടാക്ട് ചെയ്ത് ഈ ഗസ്റ്റ് റോളിന്റെ കാര്യം പറഞ്ഞു. കരമന ജനാർജദ്ദനന്റെ ഭാര്യയായി അഭിനയിക്കണം ഒറ്റ സീനേയുള്ളു എന്നൊക്കെ പറഞ്ഞു.'

'ഒന്നും പ്രശ്‌നമില്ല താൻ ചെയ്യാമെന്ന് പാർവതി പറഞ്ഞു. അങ്ങനെ പാർവതി വന്ന് സന്തോഷത്തോടെ ആ റോൾ ചെയ്തു. അതോടെ സിനിമയുടെ ഇമേജ് മാറി. കാരണം മലയാളത്തിലെ കത്തി നിൽക്കുന്ന നായികയായിരുന്നു പാർവതി. അതോടെ ആദ്യം റോൾ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് തിരിച്ച് പോയ വയനാട്ടുകാരിയോട് എനിക്ക് മനസിൽ നന്ദി തോന്നിപ്പോയി', എന്നാണ് അറിയാക്കഥ പങ്കിട്ട് സത്യൻ അന്തിക്കാട് പറഞ്ഞത്.

വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. ജയറാം കൂടി അഭിനയിച്ച സിനിമയായതുകൊണ്ടായിരിക്കാം പാർവതി ഗസ്റ്റ് റോളിൽ അഭിനയിക്കാൻ തയ്യാറായതെന്നാണ് ഒരു വിഭാഗം കുറിച്ചത്. ജയറാം-പാർവതി പ്രണയം നടക്കുമ്പോൾ പാർവതിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. അതുകൊണ്ട് ജയറാമിനെ കാണാൻ കിട്ടുന്ന അവസരം പാർവതി മുതലാക്കിയതാവാം എന്നും ചിലർ കുറിച്ചിട്ടുണ്ട്.