റെക്കോർഡുകൾ തകർത്ത് സൗദി ബോക്സ് ഓഫീസ്; ഒറ്റ ആഴ്ചയിൽ 3.8 കോടി റിയാലിന്റെ ടിക്കറ്റ് വിൽപ്പന!
വിനോദ വ്യവസായ മേഖലയിൽ വൻ കുതിച്ചുചാട്ടം തുടരുന്ന സൗദി അറേബ്യയിലെ സിനിമാ തിയേറ്ററുകളിൽ ജനത്തിരക്കിലും വരുമാനത്തിലും റെക്കോർഡ് വർദ്ധനവ്. കഴിഞ്ഞ മെയ് മാസത്തിലെ നാലാമത്തെ വാരത്തിൽ മാത്രം സൗദി ബോക്സ് ഓഫീസ് സ്വന്തമാക്കിയത് 3.81 കോടി റിയാലിന്റെ (ഏകദേശം 85 കോടിയിലധികം ഇന്ത്യൻ രൂപ) വൻ വരുമാനമാണ്. ഈ കാലയളവിൽ രാജ്യത്തുടനീളം പ്രദർശിപ്പിച്ച 59 ചിത്രങ്ങളിൽ നിന്നായി 7,44,300 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്തോടനുബന്ധിച്ച് തിയേറ്ററുകളിലേക്ക് സ്വദേശികളും വിദേശികളുമായ പ്രേക്ഷകരുടെ വൻ ഒഴുക്കുണ്ടായതാണ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ കാരണമായതെന്ന് സിനിമാ വ്യവസായ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
തൊട്ടുമുമ്പത്തെ ആഴ്ചകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മുന്നേറ്റമാണ് ഈ സീസണിൽ ദൃശ്യമായത്. മെയ് മാസം രണ്ടാം വാരത്തിൽ 50 സിനിമകളുടെ പ്രദർശനത്തിലൂടെ 4,17,000-ൽ പരം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് 2.21 കോടി റിയാലായിരുന്നു സൗദി ബോക്സ് ഓഫീസ് നേടിയിരുന്നത്. എന്നാൽ പെരുന്നാൾ എത്തിയതോടെ കാണികളുടെ എണ്ണത്തിലും കളക്ഷനിലും രാജ്യം വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾക്കും ഈജിപ്ഷ്യൻ ചിത്രങ്ങൾക്കുമൊപ്പം പ്രാദേശിക സൗദി സിനിമകൾക്കും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി അതിവേഗം വളരുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സിനിമാ വിപണിയായി സൗദി അറേബ്യ മാറിയെന്ന് അടിവരയിടുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
