കറുത്ത കാലുകൾ ആണെങ്കിലും എന്റേതാണ്! ഇനിയും കാണിക്കും; സയനോര പറയുന്നു

  1. Home
  2. Entertainment

കറുത്ത കാലുകൾ ആണെങ്കിലും എന്റേതാണ്! ഇനിയും കാണിക്കും; സയനോര പറയുന്നു

sayanora


മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് സയനോര ഫിലിപ്പ്. ഗായിക എന്നതിലുപരിയായി ഇപ്പോൾ സംഗീത സംവിധായകയുമാണ് സയനോര. അഭിനയത്തിലും സയനോര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയാനും സയനോര മടിക്കാറില്ല. 

തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെക്കുറിച്ചും പലപ്പോഴും സയനോര തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്ക് ചുട്ടഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് സയനോര ഫിലിപ്പ്. തന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ ഗായിക ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലർ അധിക്ഷേപ കമന്റുമായി എത്തിയത്.

വൃത്തികെട്ട വേഷം നാണമില്ലാത്ത സ്ത്രീ, ഇതിന്റെ ഒക്കെ തള്ളമാരെ പറഞ്ഞാൽ മതി, നിങ്ങളുടെ പാട്ട് കൊണ്ട് എത്രയോ ആരാധകർ ഉള്ള ഒരാളാണ് താങ്കൾ. ഇത് വേണ്ടിയിരുന്നില്ല, പാട്ടിന്റെ കൂടെ കാബറേ, തുടകളിൽ കുറച്ചു വെള്ള പൂശാമായിരുന്നു, ഇവർക്കിപ്പോ ഡ്രെസ്സ് അലർജിയാ, പാട്ടോ കൊള്ളില്ല. ഇങ്ങനെ കാണിച്ചെങ്കിലും ആളെ പിടിച്ചിരുത്തേണ്ടേ എന്നിങ്ങനെയായിരുന്നു താരത്തിനെതിരായ അധിക്ഷേപ കമന്റുകൾ. താരത്തിനെതിരെ ബോഡി ഷെയ്മിംഗും വർണവെറിയും നിറഞ്ഞ കമന്റുകളാണ് നിറയുന്നത്.

ഇതോടെയാണ് സയനോര മറുപടിയുമായി എത്തിയത്. തന്റെ പോസ്റ്റിന്റെ കമന്റിലായിരുന്നു സയനോരയുടെ പ്രതികരണം. സദാചാരം പറയുന്നവർ ഇവിടുന്ന് ഒഴിഞ്ഞു തന്നാൽ നന്നായിരിക്കുമെന്നാണ് സയനോര പറയുന്നത്. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകൾ ആണ്.! ഞാൻ ഇതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നത് ആയിരിക്കുമെന്നും സയനോര പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്...

''ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥന. എന്റെ ജീവിതം,എന്റെ വഴി , എന്റെ ശരീരം ! ഇവിടുന്നു ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്ക് ഇല്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകൾ ആണ്.! ഞാൻ ഇതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നത് ആയിരിക്കും. നിങ്ങൾ എന്ത് എന്നെ കുറിച്ച് വിചാരിച്ചാലും ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല'

അതേസമയം നിരവധി പേരാണ് സയനോരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. സദാചാരവാദികൾക്കും അധിക്ഷേപങ്ങൾക്കും താരത്തിന് പിന്തുണയുമായി എത്തുന്നവർ ചുട്ട മറുപടി നൽകുന്നുണ്ട്. താരത്തിന്റെ മറുപടിയ്ക്കും സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്.