ദൃശ്യം 3: ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈമിന്; റിലീസ് തീയതിയിൽ മാറ്റം

  1. Home
  2. Entertainment

ദൃശ്യം 3: ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈമിന്; റിലീസ് തീയതിയിൽ മാറ്റം

drishyam 3


ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഒടിടി (OTT) അവകാശങ്ങളാണ് ആമസോൺ കരസ്ഥമാക്കിയത്. ഇതോടെ ദൃശ്യം 3യുടെ ഡിജിറ്റൽ വിതരണവുമായി നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസിന് ഇനി ബന്ധമുണ്ടാകില്ലെന്ന് ആമസോൺ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, ചിത്രത്തിന്റെ തിയേറ്റർ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഏപ്രിൽ 2-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം മെയ് 21-നായിരിക്കും തിയേറ്ററുകളിൽ എത്തുകയെന്ന് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് അറിയിച്ചു. മൂന്നാം ഭാഗത്തിന്റെ റിലീസിന് മുന്നോടിയായി, 2021-ൽ നേരിട്ട് ഒടിടി റിലീസ് ചെയ്ത 'ദൃശ്യം 2' തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏപ്രിൽ 10-നാണ് ദൃശ്യം രണ്ടാം ഭാഗം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മൂന്നാം ഭാഗം കാണുന്നതിന് മുൻപ് ബിഗ് സ്ക്രീനിൽ ജോർജ്കുട്ടിയെയും കുടുംബത്തെയും കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

മൂന്നാം ഭാഗം ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. രണ്ടാം ഭാഗം പോലെയല്ല ദൃശ്യം 3 ഒരുങ്ങുന്നത്. ഇത് കൂടുതൽ വൈകാരികമായ (Emotional) ഒന്നായിരിക്കും. ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്നതാകും ചിത്രം പറയുന്നത്. കഥാപാത്രങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ഒന്നാം ഭാഗത്തിന്റെ നറേറ്റീവ് പാറ്റേണിലായിരിക്കും മൂന്നാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം ഒട്ടേറെ ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചരിത്രവുമുണ്ട്. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര തന്നെയാണ് മൂന്നാം ഭാഗത്തിലും അണിനിരക്കുന്നത്.