37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ തിരിച്ചുവരവ്; ‘കിരീടം’ 4K പതിപ്പ് ജൂലൈ 10ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിലൊന്നായ 'കിരീടം' അത്യാധുനിക സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ഈ ദൃശ്യവിസ്മയം ജൂലൈ 10നാണ് റീ-റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ സേതുമാധവനെ പുത്തൻ ദൃശ്യ-ശ്രാവ്യ ഭംഗിയോടെ ബിഗ് സ്‌ക്രീനിൽ വീണ്ടും കാണാൻ ഇതോടെ ആരാധകർക്ക് അവസരമൊരുങ്ങും.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ ചിത്രം, 37 വർഷങ്ങൾക്ക് ശേഷമാണ് 4K ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് (Dolby Atmos) സൗണ്ട് ക്വാളിറ്റിയിലും പുനരവതരിപ്പിക്കുന്നത്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് റീ-റിലീസ് വിതരണം നിർവ്വഹിക്കുന്നത്.
മോഹൻലാൽ-തിലകൻ കൂട്ടുകെട്ടിന്റെ അവിസ്മരണീയമായ അച്ഛൻ-മകൻ അഭിനയമുഹൂർത്തങ്ങളും, ജോൺസൺ മാസ്റ്ററുടെ ഹൃദയസ്പർശിയായ സംഗീതവും 'കിരീട'ത്തെ ഇന്നും പ്രേക്ഷകമനസ്സുകളിൽ നൊമ്പരമായി നിലനിർത്തുന്നു. പാർവ്വതി, മുരളി, മോഹൻരാജ് (കീരിക്കാടൻ ജോസ്), കവിയൂർ പൊന്നമ്മ, ഫിലോമിന, മാമുക്കോയ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രസാദ് കോർപ്പറേഷനിൽ റീസ്റ്റൊറേഷൻ പൂർത്തിയാക്കി ഹൈ സ്റ്റുഡിയോസിലാണ് ചിത്രത്തിന്റെ 4K റീമാസ്റ്ററിങ് നിർവ്വഹിച്ചത്. ഡോൺ മാക്സ് ആണ് റീ-റിലീസ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പി.ആർ.ഒ: പി. ശിവപ്രസാദ്.
