'കിംഗ്' ഷൂട്ടിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്ന വാർത്ത വ്യാജം
ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരം ഷാരൂഖ് ഖാന് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്നും ചികിത്സാർഥം അമേരിക്കയിലേക്ക് പോയതായും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്തെത്തിയിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് പുതിയ വിവരം.
ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രം കിംഗിൻറെ ചിത്രീകരണത്തിനിടെ ഒരു ആക്ഷൻ രംഗത്തിൻറെ ചിത്രീകരണത്തിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നായിരുന്നു വാർത്തകൾ. താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി നൽകിയ റിപ്പോർട്ട് പ്രകാരം ഇത് വാസ്തവവിരുദ്ധമാണ്. ഇടയ്ക്ക് ചെയ്യാറുള്ള സാധാരണ ആരോഗ്യ പരിശോധനകൾക്കായാണ് അദ്ദേഹത്തിൻറെ ഇപ്പോഴത്തെ യുഎസ് യാത്രയെന്നും അല്ലാ 'കിംഗ് സെറ്റിൽ ഉണ്ടായ പരിക്ക്' ചികിത്സിക്കാനല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം അവസാനം തന്നെ അദ്ദേഹം യുഎസിൽ നിന്ന് തിരിച്ചെത്തുമെന്നും ചിത്രീകരണം പുനരാരംഭിക്കുമെന്നുമാണ് വിവരം.
പഠാൻ സംവിധായകൻ സിദ്ധാർഥ് ആനന്ദുമായി ഷാരൂഖ് ഖാൻ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ സിനിമാപ്രേമികൾക്കിടയിൽ വൻ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടർ പരാജയങ്ങൾക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ വൻ ബോക്‌സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാൻ. പഠാൻ പോലെതന്നെ ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഷാരൂഖ് ഖാന് വ്യക്തിപരമായ തരത്തിലും പ്രത്യേകതയുള്ളതാണ്. മകൾ സുഹാന ഖാൻറെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റം എന്നതാണ് അത്. ഷാരൂഖ് ഖാനും മകളും ഒരുമിച്ചെത്തുന്നു എന്നത് ചിത്രത്തിൻറെ യുഎസ്പി കൂടിയാണ്. 2026 ഒക്ടോബറിലോ ഡിസംബറിലോ തിയറ്ററുകളിൽ എത്തുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് ഇത്.
