കൂടുതൽ ഒ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്നത് താരമൂല്യം കുറയ്ക്കും, ഒരു ബാലൻസിങ്ങിനാണ് ശ്രമം; ഷാഹിദ് കപൂർ

കൂടുതൽ ഒ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്നത് താരമൂല്യം കുറയ്ക്കുമെന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍.
വിജയ് സേതുപതിക്കൊപ്പമുള്ള 'ഫര്‍സി'യിലൂടെയായിരുന്നു ഷാഹിദ് കപൂറിന്റെ ഒ.ടി.ടി അരങ്ങേറ്റം. തനിക്ക് രണ്ടുതരം സിനിമകളും വ്യത്യസ്ത അനുഭവമായിരുന്നുവെന്നും രണ്ട് തരത്തിലുള്ള കാഴ്ചക്കാരെ കിട്ടിയെന്നും ഷാഹിദ് പറഞ്ഞു. എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഷാഹിദിന്റെ പ്രതികരണം.
ഒ.ടി.ടി വലിയ അവസരമാണ് ഒരുക്കിയത്. ഒരു അഭിനേതാവെന്ന രീതിയില്‍ നല്ല റിസൾട്ട് പ്രേക്ഷകര്‍ക്ക് കൊടുക്കാനായെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, ഒ.ടി.ടി സിനിമകൾ കൂടുതലായി വരുന്നത് ഒരു നടന്‍റെ താരമൂല്യം കുറക്കുമെന്നാണ് കരുതുന്നതെന്നും ഷാഹിദ് കപൂര്‍ പറഞ്ഞു. ഞാന്‍ രണ്ടും ചേര്‍ന്നുള്ള ഒരു ബാലന്‍സിനാണ് ശ്രമിക്കുന്നത്. അതാണ് നല്ലതെന്നാണ് കരുതുന്നതെന്നും ഷാഹിദ് ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ചയാണ് ഷാഹിദ് നായകനായ പുതിയ സിനിമ ദേവ തീയേറ്ററുകളിലെത്തിയത്. ആദ്യദിവസംതന്നെ നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം.