ഷാജി പാപ്പനും പിള്ളേരും വരുന്നു; 'ആട് 3' റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് നിർമ്മാതാക്കൾ

  1. Home
  2. Entertainment

ഷാജി പാപ്പനും പിള്ളേരും വരുന്നു; 'ആട് 3' റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് നിർമ്മാതാക്കൾ

aadu 3


മലയാള സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' നിശ്ചയിച്ച തീയതിയിൽ തന്നെ തീയേറ്ററുകളിലെത്തും. ഈ മാസം 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ഔദ്യോഗികമായി സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിലീസ് മാറ്റിവെച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് ഇതോടെ വിരാമമായി.

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് എപ്പിക് ഫാന്റസി ചിത്രം ഈദ് റിലീസായാണ് എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ജയസൂര്യ നായകനായ ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സിനിമാ ഫ്രാഞ്ചൈസികളിലൊന്നായ 'ആട്' മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

ആഗോള സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പ്രതിസന്ധി ഘട്ടത്തിൽ മലയാള സിനിമയ്‌ക്കൊപ്പം നിന്ന് നിശ്ചയിച്ച തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്നും നിർമ്മാതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രേക്ഷകരിലേക്ക് കൂടുതൽ വിനോദവും സന്തോഷവും എത്തിക്കാനാണ് ഈ സമയത്ത് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജയസൂര്യക്കൊപ്പം വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം പുതിയൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.